നൂറിലധികം വിശ്വാസികളുടെ ജീവന്‍ രക്ഷിച്ച  യുവാവ് പാക് സഭയിലെ ആദ്യത്തെ ദൈവദാസന്‍

നൂറിലധികം വിശ്വാസികളുടെ ജീവന്‍ രക്ഷിച്ച യുവാവ് പാക് സഭയിലെ ആദ്യത്തെ ദൈവദാസന്‍

പാക്കിസ്ഥാനിലെ യുവഅത്മായനായ ആകാശ് ബഷീറിന്റെ രക്തസാക്ഷിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ വത്തിക്കാന്‍ അനുമതി നല്‍കി

ചാവേര്‍ ഭീകരാക്രമണത്തില്‍ നിന്നു നൂറിലേറെ ക്രൈസ്തവരെ രക്ഷിക്കുന്നതിനായി സ്വന്തം ജീവന്‍ ബലി നല്‍കിയ പാക്കിസ്ഥാനിലെ യുവഅത്മായനായ ആകാശ് ബഷീറിന്റെ രക്തസാക്ഷിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ വത്തിക്കാന്‍ അനുമതി നല്‍കി. ഇതോടെ ആകാശ് ഇനി ദൈവദാസന്‍ എന്നു വിളിക്കപ്പെടും. പാക് കത്തോലിക്കാസഭയില്‍ ആദ്യമായാണ് ഒരാളുടെ നാമകരണനടപടികള്‍ ആരംഭിക്കുന്നതും ദൈവദാസന്‍ എന്നു വിളിക്കപ്പെടുന്നതും.

2015 ല്‍ ഇരുപതാം വയസ്സിലാണ് ആകാശ് ബഷീറിന്റെ രക്തസാക്ഷിത്വം. യൗഹാനാബാദ് സെ. ജോണ്‍സ് കത്തോലിക്കാ പള്ളിയുടെ കവാടത്തില്‍ സുരക്ഷയൊരുക്കുന്നതിനുള്ള സന്നദ്ധപ്രവര്‍ത്തകനായി നില്‍ക്കുകയായിരുന്നു ആകാശ്. 500 മീറ്റര്‍ അകലെയുള്ള ആംഗ്ലിക്കന്‍ പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം നടക്കുകയും 17 ലേറെ പേര്‍ കൊല്ലപ്പെടുകയും ചെയ്ത വാര്‍ത്ത പരന്നിരുന്നു. ആ സമയത്താണ് ഒരു ചാവേര്‍ സെ. ജോണ്‍സ് പള്ളിയിലേയ്ക്കു കുതിയ്ക്കുന്നത് ആകാശിന്റെ ശ്രദ്ധയില്‍ പെട്ടത്. ആകാശ് അയാളെ കെട്ടിപ്പിടിച്ചു തടഞ്ഞു നിറുത്തി. ബോംബ് പൊട്ടിക്കുമെന്നു അയാള്‍ ഭീഷണിപ്പെടുത്തി. ''ഞാന്‍ മരിക്കുമായിരിക്കും. എന്നാലും നിങ്ങളെ അകത്തേയ്ക്കു വിടില്ല'' എന്നായിരുന്നു ആകാശിന്റെ മറുപടി. ചാവേര്‍ തന്റെ ശരീരത്തില്‍ കെട്ടിയിരുന്ന ബോംബ് പൊട്ടിച്ചു. ആകാശ് അടക്കം മൂന്നു പേര്‍ അവിടെ മരിച്ചു വീണു. പക്ഷേ പള്ളിയകത്ത് ഞായറാഴ്ചക്കുര്‍ബാനയില്‍ പങ്കെടുക്കുകയായിരുന്ന നൂറിലധികം പേര്‍ അതുകൊണ്ടു രക്ഷപ്പെട്ടു.

രക്തസാക്ഷിത്വം അംഗീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ വത്തിക്കാന്‍ അനുമതി നല്‍കിയ വിവരം വി. ജോണ്‍ ബോസ്‌കോയുടെ തിരുനാളില്‍ ലാഹോര്‍ അതിരൂപതാ ആര്‍ച്ചുബിഷപ് സെബാസ്റ്റ്യന്‍ ഷാ ആണ് പ്രഖ്യാപിച്ചത്. പാക് കത്തോലിക്കാസഭയെ സംബന്ധിച്ചു മഹത്തായ ഒരു നിമിഷമാണിതെന്ന് അതിരൂപതാ വികാരി ജനറല്‍ ഫാ. ഫ്രാന്‍സിസ് ഗുല്‍സാര്‍ പ്രസ്താവിച്ചു. ആധുനിക കാലത്തെ രക്തസാക്ഷിത്വത്തിന്റെ മഹത്തായ മാതൃകയും യുവജനങ്ങള്‍ക്കാകെ പ്രചോദനവുമാണ് ആകാശ് ബഷീര്‍ എന്നു ലാഹോര്‍ അതിരൂപതയുടെ മുന്‍ ആര്‍ച്ചുബിഷപ് ലോറന്‍സ് സല്‍ദാന പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org