
ഹോങ്കോംഗിലെ ജനാധിപത്യപ്രക്ഷോഭകരെ സഹായിച്ചതിനെ തുടര്‍ന്നു ഭരണകൂടം എടുത്ത കേസില്‍, വിചാരണ പൂര്‍ത്തിയാക്കി, കാര്‍ഡിനല്‍ സെന്‍ ഉള്‍പ്പെടെയുള്ള അഞ്ചു പേര്‍ കുറ്റക്കാരാണെന്നു തീര്‍പ്പാക്കുകയും 500 ഡോളര്‍ വീതം പിഴയൊടുക്കാന്‍ വിധിക്കുകയും ചെയ്തു. ഒരു ധനസഹായ സംഘടന വേണ്ടവിധത്തില്‍ രജിസ്റ്റര്‍ ചെയ്തില്ല എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. സംഘടനയുടെ മറ്റ് ട്രസ്റ്റിമാരാണ് കാര്‍ഡിനലിന്റെ കൂടെ ശിക്ഷിക്കപ്പെട്ടത്. ഹോങ്കോംഗ് അതിരൂപതാ മുന്‍ ആര്‍ച്ചുബിഷപ്പായ 90 കാരനായ കാര്‍ഡിനല്‍ സെന്‍, ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനാണ്.
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കാണ് സംഘടന രൂപീകരിച്ചതെന്നും അതു രെജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നുമായിരുന്നു കാര്‍ഡിനലിന്റെ അഭിഭാഷകരുടെ വാദം. എന്നാല്‍, ജനാധിപത്യപ്രക്ഷോഭകര്‍ക്കു ധനസഹായം ലഭ്യമാക്കിയ സംഘടന കേവലം ജീവകാരുണ്യസംഘടന മാത്രല്ലെന്നും രാഷ്ട്രീയ താത്പര്യങ്ങള്‍ അവര്‍ക്കുണ്ടെന്നു വ്യക്തമാണെന്നും കോടതി വിലയിരുത്തി.