ഫാ.ജോബിച്ചൻ വടക്കേക്കുന്ന് സിഎംഐ
2024 ലെ അമ്പത്തിമൂന്നാം ദിവ്യകാരുണ്യ കോൺഗ്രസിന് ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോർ ആതിഥേയത്വം വഹിക്കും. 2021 സെപ്റ്റംബർ 9ന് ഹംഗറിയിൽ സമാപിച്ച അമ്പത്തിരണ്ടാം ദിവ്യകാരുണ്യ കോൺഗ്രസ് സമാപന ബലിയർപ്പണത്തിൽ ഇക്വഡോറിലെ കീത്തോ ആർച്ച് ബിഷപ്പ് അൽഫ്രേദോ എസ്പിനോസ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി. എല്ലാവരേയും കോൺഗ്രസിനായി ഇക്വഡോറിലേക്ക് അദ്ദേഹം സ്വാഗതം ചെയ്തു.
ഇക്വഡോർ ഈശോയുടെ യുടെ തിരുഹൃദയത്തിൽ പ്രതിഷ്ഠിക്കപ്പെട്ടതിൻ്റെ 150 ആം വാർഷികം ആഘോഷിക്കുമ്പോൾ ഇക്വഡോറിലെ തലസ്ഥാനമായ കീത്തോയിലേക്ക് തിരുഹൃദയത്തിന്റെ സ്നേഹവും കാരുണ്യവും നുകരാൻ എല്ലാവരും എത്തണമെന്ന് ആർച്ചുബിഷപ് അഭ്യർത്ഥിച്ചു . ഹംഗറിയിൽ നിന്നും ഇക്ക്വഡോറിലേക്കുള്ള ഈ ദിവ്യകാരുണ്യ പ്രദിക്ഷിണം സ്നേഹത്തിൻറെ സുവിശേഷം ലോകമെങ്ങും പ്രഘോഷിക്കാനും സ്നേഹ വിപ്ലവകാരികളായി ലോകത്തെ മാറ്റിമറിക്കാനും ഇടയാക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വയാക്കിൽ ആർച്ച് ബിഷപ്പായ ഇക്വഡോർ എപ്പിസ്കോപ്പൽ കോൺഫ്രൻസിൻ്റെ പ്രസിഡണ്ട് , ആർച്ചുബിഷപ് ലൂയിസ് കബ്രോറയും ഇക്വഡോറിൽ നിന്നുള്ള മറ്റു ബിഷപ്പുമാരും വൈദികരും സന്യസ്തരും അൽമായരും സമാപന ബലിയർപ്പണത്തിൽ പങ്കെടുത്തു.
1881 ൽ ഫ്രാൻസിലാണ് ആദ്യ ദിവ്യകാരുണ്യ കോൺഗ്രസ് നടന്നത് . 2020 ഇൽ നടക്കേണ്ടിയിരുന്ന ഹംഗറിയിലെ ഈ ദിവ്യകാരുണ്യ കോൺഗ്രസ് കോവിഡ് മൂലം 2021 ലേക്ക് മാറ്റുകയായിരുന്നു.
( ഇക്വഡോറിൽ മിഷണറിയാണു ലേഖകൻ)