ഭ്രൂണഹത്യ: പാപ്പായുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ബെല്‍ജിയത്തില്‍ പ്രതിഷേധം

ഭ്രൂണഹത്യ: പാപ്പായുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ബെല്‍ജിയത്തില്‍ പ്രതിഷേധം
Published on

സ്വന്തമിഷ്ടപ്രകാരം നടത്തുന്ന ഭ്രൂണഹത്യയെ ഭാഗികമായി കുറ്റവിമുക്തമാക്കിക്കൊണ്ട് ബെല്‍ജിയത്തില്‍ ഈയിടെ പാസാക്കിയ നിയമത്തെ ഹിംസാത്മക നിയമമെന്ന് വിമര്‍ശിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രസ്താവനയോടുള്ള പ്രതിഷേധമായി തങ്ങളുടെ പേരുകള്‍ പള്ളികളുടെ മാമ്മോദീസ പട്ടികയില്‍ നിന്ന് നീക്കണമെന്ന് 500 ലേറെ ബെല്‍ജിയന്‍ കത്തോലിക്കര്‍ ആവശ്യപ്പെട്ടു. ഈയിടെ ബെല്‍ജിയത്തിലേക്കും ലക്‌സംബര്‍ഗിലേക്കും നടത്തിയ പര്യടനത്തിനിടെയായിരുന്നു മാര്‍പാപ്പയുടെ വിമര്‍ശനം.

പര്യടനത്തിനിടെ, സഭയില്‍ സ്ത്രീകളുടെ പങ്കിനെക്കുറിച്ച് പാപ്പ നടത്തിയ പരാമര്‍ശങ്ങളും യൂറോപ്പിലെ പുരോഗമനവാദികളുടെ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ബെല്‍ജിയത്തിലെ വത്തിക്കാന്‍ സ്ഥാനപതി, ബെല്‍ജിയം കത്തോലിക്കാസഭയുടെ അധ്യക്ഷന്‍, 7 കത്തോലിക്ക രൂപതകളുടെ മെത്രാന്മാര്‍ എന്നിവര്‍ക്ക് സംയുക്തമായിട്ടാണ് ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള കത്ത് 500 ലേറെ പേര്‍ നല്‍കിയിരിക്കുന്നത്.

ബെല്‍ജിയത്തില്‍ നിന്ന് റോമിലേക്കുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തില്‍ വച്ച് നടത്തിയ മാധ്യമ സമ്മേളനത്തില്‍ ഭ്രൂണഹത്യ ചെയ്യുന്ന ഡോക്ടര്‍മാരെ വാടക കൊലയാളികള്‍ എന്ന് പാപ്പ വിശേഷിപ്പിച്ചതും പ്രതിഷേധത്തിന് കാരണമായി.

ബെല്‍ജിയത്തിലെ പ്രസിദ്ധമായ ലുവൈന്‍ കത്തോലിക്ക യൂണിവേഴ്‌സിറ്റിയുടെ അറുനൂറാമത് വാര്‍ഷികത്തോട് ബന്ധപ്പെട്ടാണ് മാര്‍പാപ്പ ആ രാജ്യം സന്ദര്‍ശിച്ചത.് യൂണിവേഴ്‌സിറ്റിയില്‍ പാപ്പ നടത്തിയ പ്രസംഗത്തില്‍ സ്ത്രീകളെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങളെ യൂണിവേഴ്‌സിറ്റിയും വിമര്‍ശിച്ചിരുന്നു.

ബെല്‍ജിയത്തിലെ 1.1 കോടി ജനങ്ങളില്‍ 50% പേര്‍ മാത്രമാണ് ഇപ്പോള്‍ സ്വയം കത്തോലിക്കരായി കരുതുന്നതെന്ന് യൂണിവേഴ്‌സിറ്റി യുടെ ഒരു പഠനം റിപ്പോര്‍ട്ട് ചെയ്യുന്നു. 1981 ല്‍ ഇത് 72% ആയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org