മാറാരോഗം ബാധിക്കുകയെന്നതിനര്‍ത്ഥം ജീവിതാന്ത്യമായി എന്നല്ലെന്നും അത്തരം രോഗാവസ്ഥയിലുള്ളവര്‍ക്കും കുടുംബങ്ങള്‍ക്കും പിന്തുണ നല്‍കണമെന്നും വത്തിക്കാന്‍ വ്യക്തമാക്കി. കാരുണ്യവധം, പര സഹായത്തോടെയുള്ള ആത്മഹത്യ, മാറാരോഗികളുടെ ചികിത്സാ നിഷേധം തുടങ്ങിയ കാര്യങ്ങളിലെ സഭാപ്രബോധനങ്ങള്‍ ആവര്‍ത്തിച്ചുറപ്പിച്ചുകൊണ്ട് വത്തിക്കാന്‍ വിശ്വാസ കാര്യാലയം പുറപ്പെടുവിച്ച 'നല്ല സമരായന്‍' എന്ന രേഖയിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. 'ഗുരുതരാവസ്ഥയിലും നിത്യരോഗാവസ്ഥയിലും ആയിരിക്കുന്നവരുടെ പരിചരണം സംബന്ധിച്ച്' എന്നതാണ് രേഖയുടെ ഉപശീര്‍ഷകം.
രോഗസൗഖ്യം അസാദ്ധ്യമായേക്കാമെങ്കിലും വൈദ്യസഹായവും പരിചരണവും മനശ്ശാസ്ത്ര – ആത്മീയ പിന്തുണയും നല്‍കുന്നത് നിറുത്തരുതെന്ന് രേഖ വ്യക്തമാക്കുന്നു. സാദ്ധ്യമാകുന്നിടത്തോളം സുഖപ്പെടുത്തുക, സദാ പരിചരിക്കുക എന്നതാകണം മാറാരോഗികളോടുള്ള സമീപനമെന്ന് വി. ജോണ്‍ പോള്‍ രണ്ടാമന്റെ വാക്കുകള്‍ ഉദ്ധരിച്ച് രേഖ വിശദീകരിക്കുന്നു.
മറ്റൊരാളുടെ ജീവനൊടുക്കുക എന്ന തീരുമാനം, അയാള്‍ ആവശ്യപ്പെട്ടാല്‍ പോലും എടുക്കാനാവില്ലെന്ന് രേഖ വ്യക്തമാക്കി. കാരുണ്യവധം മനുഷ്യജീവനെതിരായ കുറ്റ കൃത്യവും അതില്‍ തന്നെ തിന്മയുമാണ്. അതേസമയം, മരണം അനിവാര്യമായിരിക്കെ അതിചികിത്സകള്‍ നല്‍കി മരണത്തെ നീട്ടി വച്ചു കൊണ്ട്, അന്തസ്സുള്ള സ്വാഭാവിക മരണത്തിന് അവസരം നിഷേധിക്കരുത്. സാന്ത്വന ചികിത്സ നല്‍കേണ്ടിടത്ത് അതു നല്‍കുക. സാന്ത്വനചികിത്സ പരോക്ഷമായ കാരുണ്യവധത്തിലേക്ക് നയിക്കുന്നതായിക്കൂടാ – രേഖ വിശദീകരിക്കുന്നു.