മര്‍ദ്ദിത ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം: യൂറോപ്യന്‍ നഗരങ്ങള്‍ ചുവപ്പണിഞ്ഞു

മര്‍ദ്ദിത ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം: യൂറോപ്യന്‍ നഗരങ്ങള്‍ ചുവപ്പണിഞ്ഞു

Published on

പാക്കിസ്ഥാനിലെ ആസ്യ ബിബി ഉള്‍പ്പെടെ സ്വന്തം വിശ്വാസത്തിന്‍റെ പേരില്‍ മര്‍ദ്ദിക്കപ്പെടുന്ന ലോകത്തെ എല്ലാ ക്രൈസ്തവരോടുമുള്ള ഐക്യദാര്‍ഢ്യപ്രകടനത്തിന്‍റെ ഭാഗമായി യൂറോപ്പിലെ വിവിധ നഗരങ്ങള്‍ ഒരു രാത്രി ചുവപ്പുദീപങ്ങള്‍ തെളിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ നേരിടുന്ന വിവേചനമെന്ന ഗൗരവതരമായ പ്രശ്നത്തിലേയ്ക്ക് എല്ലാവരുടേയും ശ്രദ്ധയാകര്‍ഷിക്കാന്‍ ഈ സംരംഭത്തിനു സാധിക്കുമെന്ന് ആശംസാസന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. മതം അടിച്ചേല്‍പിക്കപ്പെടുകയും ക്രിസ്തുശിഷ്യരെ വ്യവസ്ഥാപിതമായ രീതിയില്‍ സാംസ്കാരികനിന്ദനത്തിനു വിധേയരാക്കുകയും ചെയ്യുന്ന രാജ്യങ്ങളുണ്ടെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

നവംബര്‍ 20-നു രാത്രി ഇറ്റലിയിലെ വെനീസിലെ ചരിത്രപ്രാധാന്യമുള്ള എട്ടു കെട്ടിടങ്ങളിലാണു ചുവപ്പു വെളിച്ചം തെളിച്ചത്. റിയാള്‍ത്തോ പാലം, സാന്താ മരിയ ബസിലിക്ക എന്നിവയും ചുവപ്പണിഞ്ഞു. വെനീ സ് അതിരൂപതയിലെ യുവജനങ്ങള്‍ ആ സായാഹ്നത്തില്‍ മര്‍ദ്ദിതക്രൈസ്തവര്‍ക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട് ഒരു പദയാത്രയും നടത്തി. മതമര്‍ദ്ദനം നടക്കുന്ന രാജ്യങ്ങളിലേയും ദരിദ്രപ്രദേശങ്ങളിലെയും സഭയെ സഹായിക്കുന്ന എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് ഈ പരിപാടി നടത്തുന്നത്. നവംബര്‍ അവസാന വാരത്തില്‍ മോണ്‍ട്രിയോള്‍, പാരിസ്, ബാഴ്സലോണ, സിഡ്നി, വാഷിംഗ്ടണ്‍ തുടങ്ങിയ നഗരങ്ങളിലും ഇതേമട്ടിലുള്ള ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നടത്തിയിരുന്നു.

logo
Sathyadeepam Online
www.sathyadeepam.org