മധ്യപൂര്‍വദേശത്തെ സംഘര്‍ഷം വര്‍ധിപ്പിക്കുന്നതിന് ഇടയാക്കരുതെന്ന് ഇറാനോട് വത്തിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഇറാന്റെ പുതിയ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാനുമായി, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍ ഫോണില്‍ സംഭാഷണം നടത്തി. സംഭാഷണവും ചര്‍ച്ചയും സമാധാനവുമാണ് ആവശ്യമെന്ന് കാര്‍ഡിനല്‍ വ്യക്തമാക്കി.
മധ്യപൂര്‍വദേശത്തെ സംഭവവികാസങ്ങളില്‍ വത്തിക്കാനുള്ള ഗുരുതരമായ ഉല്‍ക്കണ്ഠ കാര്‍ഡിനല്‍ പ്രകടിപ്പിച്ചതായി വത്തിക്കാന്‍ വക്താവ് മത്തയോ ബ്രൂണി പത്രക്കുറിപ്പില്‍ അറിയിച്ചു. സംഘര്‍ഷം വ്യാപകമാകാന്‍ ഒരുതരത്തിലും ഇടയാക്കരുത്.
ഇസ്രായേലിനെതിരെ ഇറാന്‍ ആക്രമണം നടത്തിയേക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലായിരുന്നു ഇരുവരുടെയും ഫോണ്‍ സംഭാഷണം. ഹമാസിന്റെ നേതാവ് ഇസ്മായില്‍ ഹനിയായുടെ ഇറാനില്‍ വച്ചുള്ള കൊലപാതകത്തിനു പ്രതികാരം ചെയ്യുക തങ്ങളുടെ കടമയാണെന്ന് ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനയി പ്രസ്താവിച്ചിരുന്നു.
ഇറാനില്‍ നിന്നുള്ള ആക്രമണം ചെറുക്കാന്‍ ഇസ്രായേലും ഇസ്രായേലിനെ സഹായിക്കാന്‍ അമേരിക്കയും സന്നാഹങ്ങള്‍ ഒരുക്കുന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.