
കൊളംബിയായിലെ കുറ്റവാളിസംഘങ്ങളുടെ അക്രമങ്ങളില്‍ പോലീസിനുണ്ടായ വന്‍ ആള്‍നാശത്തില്‍ കത്തോലിക്കാമെത്രാന്‍ സംഘം ഗാഢമായ ദുഃഖം രേഖപ്പെടുത്തി. 2022-ല്‍ ഇതുവരെ 36 പോലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. അറുപതിലേറെ പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. പ്രധാനമായും ക്ലാന് ഡെല്‍ ഗോള്‍ഫോ എന്ന സംഘമാണ് കൊലകള്‍ക്കു പിന്നില്‍. മയക്കുമരുന്നു വ്യാപാരം നടത്തുന്ന ഇത്തരം സംഘങ്ങളുടെ അക്രമങ്ങള്‍ക്കു നിരവധി കത്തോലിക്കാ വൈദികരും ഇരകളായിട്ടുണ്ട്.
കൊളംബിയായില്‍ സൈനികരുടെ അജപാലനത്തിനായുള്ള രൂപത കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ഏകദിന പ്രാര്‍ത്ഥനായജ്ഞം സംഘടിപ്പിച്ചു. ഇതില്‍ പങ്കെടുക്കാന്‍ രാജ്യ ത്തെ എല്ലാ കത്തോലിക്കരോടും മെത്രാന് സംഘം ആഹ്വാനം ചെയ്തിരുന്നു. കൊളംബിയായുടെ വിവിധ ഭാഗങ്ങളിലെ പള്ളികളില്‍ ഇതിന്റെ ഭാഗമായുള്ള ദിവ്യബലികളും അനുസ്മരണശുശ്രൂഷകളും നടന്നു. മയക്കുമരുന്നുവ്യാപാരത്തിന്റെ ഭാഗമായുള്ള അക്രമങ്ങള്‍ മെക്സിക്കോയിലും വര്‍ദ്ധിക്കുന്നുണ്ട്. അവിടെത്തെ സഭയും ഈ അക്രമങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തു വന്നിട്ടുണ്ട്.