ജൂലൈ 24 നു വൃദ്ധരെ സന്ദര്‍ശിക്കാം, ദണ്ഡവിമോചനം നേടാം

ജൂലൈ 24 നു വൃദ്ധരെ സന്ദര്‍ശിക്കാം, ദണ്ഡവിമോചനം നേടാം

വയോധികരുടെയും മുത്തശ്ശീമുത്തച്ഛന്മാരുടെയും ദിനമായി ആഘോഷിക്കുന്ന ജൂലൈ 24 നു വയോധികരെ സന്ദര്‍ശിക്കുന്നവര്‍ക്കു സഭ പൂര്‍ണ ദണ്ഡവിമോചനം പ്രഖ്യാപിച്ചു. രോഗിയായിരിക്കുകയോ പുറത്തു പോകാന്‍ കഴിയാതിരിക്കുകയോ ചെയ്യുന്ന വൃദ്ധരെ നേരിട്ടോ എന്തെങ്കിലും ആശയവിനിമയസങ്കേതമുപയോഗിച്ചോ സന്ദര്‍ശിക്കുകയും അവര്‍ക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്നവര്‍ക്കാണ് അപ്പസ്‌തോലിക് പെനിറ്റെന്‍ഷ്യറിയുടെ ഉത്തരവു പ്രകാരം ദണ്ഡവിമോചനം ലഭിക്കുക.

കുറ്റം ക്ഷമിക്കപ്പെട്ടു കഴിഞ്ഞിട്ടുള്ള പാപങ്ങളുടെ ലൗകിക ശിക്ഷകളില്‍ നിന്നുള്ള മോചനമാണ് കത്തോലിക്കാ പ്രബോധനപ്രകാരം ദണ്ഡവിമോചനം. കുമ്പസാരിക്കുക, വി.കുര്‍ബാന സ്വീകരിക്കുക, മാര്‍പാപ്പയുടെ നിയോഗമനുസരിച്ചു പ്രാര്‍ത്ഥിക്കുക എന്നീ വ്യവസ്ഥകളും ഉണ്ട്.

കഴിഞ്ഞ വര്‍ഷമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വയോധികദിനം സ്ഥാപിച്ചത്. ഈശോയുടെ മുത്തശ്ശീമുത്തച്ഛന്മാരായ വി.യോവാക്കിമിന്റെയും വി.അന്നയുടെയും തിരുനാളായ ജൂലൈ 26 നോടു ബന്ധപ്പെട്ടാണ് ഈ ദിനാചരണം. ഈ വര്‍ഷം ഇത് ജൂലൈ 24 ആണ്. ''വാര്‍ദ്ധക്യത്തിലും അവര്‍ ഫലം പുറപ്പെടുവിക്കും'' എന്ന സങ്കീര്‍ത്തനവാക്യമാണ് ഈ വര്‍ഷത്തെ വയോധികദിനാചരണത്തിന്റെ പ്രമേയം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org