അമ്പത്തിമൂന്നാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിന്റെ തലസ്ഥാനമായ ക്വിത്തോയില്‍ സെപ്റ്റംബര്‍ 8 ഞായറാഴ്ച തുടക്കമായി. ക്വിത്തോ ആര്‍ച്ചുബിഷപ് ആല്‍ഫ്രെഡോ ജോസെയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മെത്രാന്മാരും വൈദികരും അല്മായരും പങ്കെടുത്തു. രൂപതയില്‍ ഈ വര്‍ഷം കുര്‍ബാന സ്വീകരിക്കുന്ന 16,000 കുട്ടികളുടെ പ്രതിനിധികളായി 1,600 കുട്ടികള്‍ ഈ ദിവ്യബലിയില്‍ ആദ്യകുര്‍ബാന സ്വീകരിച്ചു.
1874 മാര്‍ച്ച് 25 ന് ഇക്വഡോറിനെ ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിച്ചിരുന്നു. അതിന്റെ നൂറ്റമ്പതാം വാര്‍ഷികത്തിലാണ് ഇക്വഡോര്‍ ഒരു ദിവ്യകാരുണ്യ കോണ്‍ഗ്രസിന് വേദിയാകുന്നത്. ലോകത്തില്‍ ആദ്യമായി ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിക്കപ്പെട്ട രാജ്യമാണ് ഇക്വഡോര്‍.
'ലോകത്തിന്റെ മുറിവുണക്കാന്‍ ക്രിസ്തുവിന്റെ സാഹോദര്യം' എന്ന ആപ്തവാക്യമാണ് പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ ഈ സമ്മേളനത്തിന് നല്‍കിയിരിക്കുന്നത്. 49 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്.
കേരളത്തില്‍ നിന്നുള്ള ആറ് സി എം ഐ വൈദികര്‍ ഈ കോണ്‍ഗ്രസിന്റെ ഭാഗമാകുന്നു. ഫാ. അജു വര്‍ഗീസ് പുതുപ്പള്ളി സി എം ഐ, ഫാ. വിപിന്‍ മുരിയങ്കേരില്‍ സി എം ഐ, ഫാ. ജോബിച്ചന്‍ വടക്കേകുന്നത്ത് സി എം ഐ, ഫാ. ഡോണ്‍ മഞ്ഞളി സി എം ഐ, ഫാ. ഡെറിന്‍ തേനായന്‍ സി എം ഐ എന്നിവരാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. ആറു പേരും എറണാകുളം അങ്കമാലി അതിരൂപത അംഗങ്ങളാണ്.
ആദ്യദിനത്തില്‍ 25000 പേരാണ് കോണ്‍ഗ്രസ് നഗരിയിലേക്ക് എത്തിച്ചേര്‍ന്നത്. സെപ്തംബര്‍ 15 ന് ദിവ്യബലിയോടെ തന്നെയാകും കോണ്‍ഗ്രസ് സമാപിക്കുക. 14 നു ശനിയാഴ്ച നഗരത്തിലൂടെ ദിവ്യകാരുണ്യപ്രദക്ഷിണം നടക്കുന്നു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ തലസ്ഥാനമാണ് ക്വിത്തോ. ക്വിത്തോ അതിരൂപതയാണ് ഈ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ആതിഥ്യം വഹിക്കുന്നത്.
ഓരോ ദിവസവും ദിവ്യബലിയോടെ ആരംഭിക്കുന്ന കോണ്‍ഗ്രസില്‍ ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രഗല്‍ഭരായ പ്രഭാഷകരുടെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പ്രഭാഷണങ്ങളും അനുഭവസാക്ഷ്യങ്ങളും അവതരിപ്പിക്കപ്പെടുന്നു.
വിവിധ സംസ്‌കാരങ്ങളെയും ഭാഷകളെയും ദിവ്യകാരുണ്യത്തിന്റെ കീഴില്‍ ഒരുമിപ്പിക്കുന്ന കാഴ്ചകള്‍ക്കാണ് ഈ ദിവസങ്ങളില്‍ ക്വിത്തോ നഗരം സാക്ഷ്യം വഹിച്ചത്.