പള്ളിയാക്രമിക്കാന്‍ ഗൂഢാലോചന: ഈജിപ്തില്‍ 30 പേര്‍ക്കു ശിക്ഷ

Published on

ഈജിപ്തില്‍ അലക്സാണ്ട്രിയായിലെ ഒരു കത്തോലിക്കാദേവാലയത്തില്‍ ബോംബാക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ 30 പേര്‍ക്കു പത്തു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ വിധിച്ചു. പള്ളിക്കെതിരായ ആക്രമണം യാഥാര്‍ത്ഥ്യമാക്കാന്‍ കുറ്റവാളികള്‍ക്കു കഴിഞ്ഞിരുന്നില്ല. ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടന ഈജിപ്തില്‍ നിരവധി ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ തകര്‍ത്തിരുന്നു. ഇതിലെ പ്രതികളും ഇസ്ലാമിക് സ്റ്റേറ്റിന്‍റെ സ്വാധീനത്തില്‍ പെട്ടവരും അവരുടെ വിദേശപരിശീലനം സിദ്ധിച്ചവരുമാണെന്നു കോടതി ചൂണ്ടിക്കാട്ടി. 2017-ലും 18-ലും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഈജിപ്തിലെ ക്രൈസ്തവര്‍ക്കെതിരെ നടത്തിയ ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. 2017-ലെ ഓശാന ഞായറാഴ്ച ഒരു പള്ളിയില്‍ നടന്ന ആക്രമണത്തില്‍ 45 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ഈ സാഹചര്യത്തിലാണ് ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിനു കര്‍ക്കശമായ നടപടികളുമായി ഈജിപ്ഷ്യന്‍ ഭരണകൂടം മുന്നോട്ടു പോകുന്നത്. ഈജിപ്തിലെ ജനങ്ങളില്‍ 10 ശതമാനം ക്രൈസ്തവരാണ്. ക്രൈസ്തവരില്‍ ഏറെയും കോപ്റ്റിക് ഓര്‍ത്തഡോക്സുകാരാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org