ഈജിപ്ത്: നാല്‍പതിലേറെ ക്രൈസ്തവര്‍ കൊല്ലപ്പെട്ടു, തീരാവേദനയില്‍ കോപ്റ്റിക് സഭ

ഈജിപ്ത്: നാല്‍പതിലേറെ ക്രൈസ്തവര്‍ കൊല്ലപ്പെട്ടു, തീരാവേദനയില്‍ കോപ്റ്റിക് സഭ

ഈജിപ്തിലെ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ പള്ളിയിലുണ്ടായ തീപിടിത്തത്തില്‍ നാല്‍പതിലേറെ പേര്‍ കൊല്ലപ്പെടാനിടയായത്, മതതീവ്രവാദികളുടെ പീഡനങ്ങളില്‍ പിടിച്ചു നില്‍ക്കുന്ന ഈജിപ്ഷ്യന്‍ ക്രൈസ്തവര്‍ക്കു കടുത്ത ആഘാതമായി. വികാരി ഫാ. അബ്ദുള്‍ മസീഹ് ബഖിതും കൊല്ലപ്പെട്ടു.

സംഭവത്തില്‍ അനുശോചനം അറിയിച്ചുകൊണ്ട് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്‌ദെല്‍ ഫത്താ എല്‍ സിസി, കോപ്റ്റിക് ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസ് പോപ് തവദ്രോസ് രണ്ടാമനു സന്ദേശമയച്ചു.

വി.മര്‍ക്കോസ് ശ്ലീഹായുടെ അപ്പസ്‌തോലിക പിന്തുടര്‍ച്ച അവകാശപ്പെടുന്ന സഭാദ്ധ്യക്ഷപദവിയാണ് കോപ്റ്റിക് ഓര്‍ത്തഡോക്‌സ് മേധാവിയുടേത്. ഈജിപ്തിലെ ജനസംഖ്യയില്‍ പത്തു ശതമാനത്തോളം ഈ സഭാംഗങ്ങളാണ്. 2016 ല്‍ കെയ്‌റോയിലെ സെ.മാര്‍ക്‌സ് കത്തീഡ്രലില്‍ ഇസ്ലാമിക ഭീകരവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2017 ലെ ഓശാന ഞായറാഴ്ച രണ്ടു കോപ്റ്റിക് പള്ളികളിലുണ്ടായ ചാവേര്‍ ബോംബാക്രമണങ്ങളില്‍ 47 പേരാണ് കൊല്ലപ്പെട്ടത്. 2015 ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ 21 ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്രൈസ്തവരെ ലിബിയയുടെ തീരത്തു വച്ചു കഴുത്തറത്തു കൊല്ലുകയുണ്ടായി. അവരെ കോപ്റ്റിക് സഭ പിന്നീട് രക്തസാക്ഷികളായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയും ആ പ്രഖ്യാപനത്തോട് അനുഭാവം പ്രകടിപ്പിച്ചിരുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org