ഈഡിത് സ്റ്റെയിനെ സഭയുടെ വേദപാരംഗതയായി (ഡോക്ടര്‍ ഓഫ് ട്രൂത്ത്) പ്രഖ്യാപിക്കണമെന്ന് കര്‍മ്മലീത്ത സന്യാസിനീസമൂഹത്തിന്റെ മേധാവി, ഫ്രാന്‍സിസ് മാര്‍പാപ്പയോട് ഔദ്യോഗികമായി അഭ്യര്‍ത്ഥിച്ചു. പ്രഖ്യാപനം നടക്കുകയാണെങ്കില്‍ സഭയുടെ ചരിത്രത്തില്‍ ഈ പദവി നേടുന്ന അഞ്ചാമത്തെ വനിതയായിരിക്കും ഈഡിത് സ്റ്റെയിന്‍.
പോളണ്ടില്‍ ഒരു യഹൂദ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഈഡിത് ഇരുപതാം വയസില്‍ സ്വയം നിരീശ്വരവാദിയായി പ്രഖ്യാപിച്ച ആളാണ്. തുടര്‍ന്ന് ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടി. മുപ്പതാം വയസില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ വച്ച് ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ ആത്മകഥ വായിച്ചതോടെയാണ് അവരുടെ ജീവിതം മാറിമറിഞ്ഞത്. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കര്‍മ്മലീത്ത സന്യാസിനിയായിരുന്നു വി. അമ്മത്രേസ്യ.
തൊട്ടടുത്ത വര്‍ഷം ഈഡിത് ജ്ഞാനസ്‌നാനം സ്വീകരിച്ചു കത്തോലിക്കാസഭയില്‍ അംഗമായി. 12 വര്‍ഷത്തിനുശേഷം കര്‍മ്മലീത്ത സന്യാസിനിയുമായി. സന്യാസം പത്തു വര്‍ഷം പിന്നിടുമ്പോള്‍ അവര്‍ അറസ്റ്റ് ചെയ്യപ്പെടുകയും ഔഷ്‌വിറ്റ്‌സ് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ അടയ്ക്കപ്പെടുകയും ചെയ്തു. 1942 ല്‍ അവിടെവച്ച് രക്തസാക്ഷിത്വം വരിച്ചു. 98 ല്‍ അവരെ വിശുദ്ധയായി പ്രഖ്യാപിച്ചു. 'കുരിശിലെ വിശുദ്ധ തെരേസ ബെനഡിക്ട്' എന്നതാണ് അവരുടെ സന്യാസിനി എന്ന നിലയ്ക്കുള്ള പേര്.