എബോളയെ നേരിടാന്‍ ആഫ്രിക്കയില്‍ കാരിത്താസും രംഗത്ത്

എബോളയെ നേരിടാന്‍ ആഫ്രിക്കയില്‍ കാരിത്താസും രംഗത്ത്
Published on

ആഫ്രിക്കന്‍ രാജ്യങ്ങളായ കോംഗോയിലും യുഗാണ്ട യിലും ഒരു വര്‍ഷമായി തുടരുന്ന എബോള പകര്‍ച്ചവ്യാധിയെ നേരിടാന്‍ കത്തോലിക്കാസഭയുടെ ജീവകാരുണ്യ സേവന വിഭാഗമായ കാരിത്താസ് രംഗത്തിറങ്ങി. അമേരിക്കന്‍ കത്തോലിക്കാസഭയുടെ സേവനവിഭാഗമായ കാത്തലിക് റിലീഫ് സര്‍വീസസും സഹായവുമായി മുന്നോട്ടു വന്നിട്ടുണ്ട്.

അതീവഗുരുതരമായ പ്രതിസന്ധിയാണ് കോംഗോ നേരിടുന്നതെന്നു സി ആര്‍ എസിന്റെ കോംഗോ ഓഫീസ് മേധാവി റഫറമലാല വോളനാരിസോ പറഞ്ഞു. എബോളയ്ക്കു ചികിത്സയോ പ്രതിരോധമരുന്നോ ഇല്ല. പകര്‍ച്ച തടയുക ദുഷ്‌കരമാണ് - അവര്‍ ചൂണ്ടിക്കാട്ടി. കോംഗോയിലെ ഏഴു കത്തോലിക്കാ രൂപതകളും സര്‍ക്കാര്‍ ആരോഗ്യവകുപ്പും ലോകാരോഗ്യസംഘടനയുമായി സഹകരിച്ചാണ് കാരിത്താസും സി ആർ എസും പ്രവര്‍ത്തിക്കുന്നത്.

ആരോഗ്യകേന്ദ്രങ്ങളിലേക്ക് ആരോഗ്യപ്രവര്‍ത്തകർക്ക് ആവശ്യമായ ശുചിത്വപാലന സാമഗ്രികള്‍ എത്തിക്കാനും ബോധവൽക്കരണപ്രവര്‍ത്തനങ്ങള്‍ക്കുമാണ് സഭ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. വൈദ്യശാസ്ത്ര സാമഗ്രികളുടെ ലഭ്യതക്കുറവിനു പുറമെ സായുധസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും കോംഗോയിലെ ദൗത്യം ദുഷ്‌കരമാക്കുന്നു ണ്ടെന്ന് സഭാപ്രവര്‍ത്തകര്‍ പറയുന്നു. സാംസ്‌കാരികമായ വെല്ലുവിളികളും ഉണ്ട്. എബോള ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളില്‍ നിന്നു രോഗം പകരാനുള്ള വലിയ സാധ്യത ഉണ്ടെന്നിരിക്കെ, മൃതസംസ്‌കാരത്തിലെ പരമ്പരാഗതരീതികള്‍ ഉപേക്ഷിക്കാനുള്ള വിമുഖത വലിയ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്.

logo
Sathyadeepam Online
www.sathyadeepam.org