സഭാനേതൃത്വം സ്വേച്ഛാധിപത്യത്തിലേയ്ക്കു പോകരുത് - കല്‍ദായ പാത്രിയര്‍ക്കീസ്

സഭാനേതൃത്വം സ്വേച്ഛാധിപത്യത്തിലേയ്ക്കു പോകരുത് - കല്‍ദായ പാത്രിയര്‍ക്കീസ്

സഭാനേതൃത്വം ഒരിക്കലും സ്വേച്ഛാധിപത്യത്തിലേയ്ക്കു പോകരുതെന്നും അപരനെ സേവിക്കുന്നതിലാണ് സഭയുടെ ശക്തിയിരിക്കുന്നതെന്നും കല്‍ദായ കത്തോലിക്കാസഭയുടെ തലവനായ ബാഗ്ദാദ് പാത്രിയര്‍ക്കീസ് കാര്‍ഡിനല്‍ റാഫേല്‍ ലൂയിസ് സാകോ, കല്‍ദായ മെത്രാന്മാരെ ഓര്‍മ്മിപ്പിച്ചു. സംഘാതാത്മകതയിലൂടെ അപ്പസ്‌തോലന്മാരായിരിക്കുന്നതിലാണ് നമ്മുടെ ശക്തി അധിഷ്ഠിതമായിരിക്കുന്നത്. സംഘാതാത്മകതയെന്നത് വൈദികരും സന്യസ്തരും അത്മായരും അടങ്ങുന്ന ദൈവജനത്തിലേയ്ക്കു മുഴുവന്‍ വ്യാപിക്കുന്നതാണ്. മെത്രാന്മാര്‍ തങ്ങളുടെ വൈദികരെ അധികാരഭാവത്തിലല്ല, പിതൃനിര്‍വിശേഷമായാണ് അനുയാത്ര ചെയ്യേണ്ടത്. രൂപതകളിലെ ഐക്യത്തിനും പുരോഹിതസാക്ഷ്യത്തിനും എതിരായ വിഭാഗീയതകളെ തടയുന്നതിന് ഇതാവശ്യമാണ്. -പാത്രിയര്‍ക്കീസ് വിശദീകരിച്ചു. ബാഗ്ദാദില്‍ കല്‍ദായ കത്തോലിക്കാസഭയുടെ സിനഡ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പാത്രിയര്‍ക്കീസ്.

ക്രൈസ്തവര്‍ കൂട്ടത്തോടെ നാടു വിടുന്നത് ഇറാഖിലും സമീപപ്രദേശങ്ങളിലും ക്രൈസ്തവരുടെ സാന്നിദ്ധ്യം ഇല്ലാതാക്കുമെന്നു പാത്രിയര്‍ക്കീസ് മുന്നറിയിപ്പു നല്‍കി. സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും സാമ്പത്തികനയങ്ങളുടെയും ചിന്താരീതികളില്‍ സമൂലമായ മാറ്റങ്ങള്‍ വരാതെ ഈ പ്രവണത ഇല്ലാതാകില്ല. ഇറാഖിലെ ഇസ്ലാമിക വര്‍ഗീയത മൂലം ക്രൈസ്തവര്‍ രണ്ടാംകിട പൗരന്മാരായി ഗണിക്കപ്പെടുകയും ക്രൈസ്തവരുടെ സ്വത്തുക്കള്‍ പോലും അതുകൊണ്ട് അപഹരിക്കപ്പെടുകയുമാണ്. അതിനാല്‍ മത, വംശ അംഗത്വത്തിനു പകരം, പൗരത്വത്തിലധിഷ്ഠിതമായ ഒരു ജനാധിപത്യസംവിധാനം പടുത്തുയര്‍ത്താന്‍ കഴിയുന്ന വിധത്തില്‍ ഭരണഘടനയിലും നിയമങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. വൈവിധ്യത്തോടുള്ള ആദരവും പൂര്‍ണപൗരത്വത്തിനുള്ള അവകാശവും ഉള്ള അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്.

തൊഴിലില്ലായ്മ, ദാരിദ്യം, പരിമിതമായ വൈദ്യുതി, ശുദ്ധജല ദൗര്‍ലഭ്യം തുടങ്ങിയവകൊണ്ട് കഷ്ടപ്പെടുന്ന ഇറാഖ്, സിറിയ, ലെബനോന്‍ എന്നീ രാഷ്ട്രങ്ങളിലെ ക്രിസ്ത്യന്‍ സഭകളുടെ സാമ്പത്തികാവസ്ഥയെ ഉക്രെനിയന്‍ പ്രതിസന്ധി ദോഷകരമായി ബാധിച്ചുവെന്ന് പാത്രിയാര്‍ക്കീസ് ചൂണ്ടിക്കാട്ടി. രൂപതകളുടെ സാമ്പത്തിക ഉറവിടങ്ങള്‍ പരിമിതപ്പെട്ടു. തങ്ങളെ സഹായിച്ചുകൊണ്ടിരുന്ന ചാരിറ്റി സംഘടനകള്‍ ഇപ്പോള്‍ യുക്രൈനിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കെട്ടിടങ്ങളുടെ വാടകയില്‍ കുറവ് വന്നു, കൃത്യമായി വാടക ലഭിക്കുന്നില്ല. ക്രൈസ്തവര്‍ തങ്ങളുടെ കുട്ടികളുടെ ഫീസ് ഒഴിവാക്കി തരണമെന്ന് സ്‌കൂളുകളില്‍ അപേക്ഷിക്കുന്നു. നിലവിലെ പ്രതിസന്ധികള്‍ നേരിടുവാന്‍ സഭയ്ക്കു സ്വന്തം ആസ്തികള്‍ വില്‍ക്കേണ്ടി വന്നേക്കാം. - പാത്രിയര്‍ക്കീസ് വിശദീകരിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org