

ലോകത്ത് 184 രാജ്യങ്ങളുമായി വത്തിക്കാന്‍ നയതന്ത്രബന്ധം പുലര്‍ത്തുന്നുവെന്നു പത്രക്കുറിപ്പ്. യൂറോപ്യന്‍ യൂണിയനും, സോവറിന്‍ മിലിട്ടറി ഓര്‍ഡര്‍ ഓഫ് മാള്‍ട്ട എന്ന സന്നദ്ധസേവന സംഘടനയുമായുള്ള ബന്ധത്തിന് പുറമെയാണ് ഇത്രയധികം രാജ്യങ്ങളുമായി വത്തിക്കാന്‍ പൂര്‍ണ്ണതോതിലുള്ള നയതന്ത്രബന്ധം തുടരുന്നത്. വത്തിക്കാനിലേക്കുള്ള ലോകരാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ക്ക് ലിയോ പതിനാലാമന്‍ പാപ്പ ജനുവരി 9-ന് വത്തിക്കാനില്‍ കൂടിക്കാഴ്ച അനുവദി ച്ചതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഈയൊരു കണക്ക് പരിശുദ്ധ സിംഹാസനം പുറത്തുവിട്ടത്.
വത്തിക്കാനുമായി നയതന്ത്രബന്ധം പുലര്‍ത്തുന്നവരില്‍, റോമില്‍ത്തന്നെ സ്ഥിരം ഓഫീസുള്ളത് തൊണ്ണൂറ്റിമൂന്ന് നയതന്ത്രമിഷനുകള്‍ ക്കാണ്. ഇതില്‍ യൂറോപ്യന്‍ യൂണിയനും ഓര്‍ഡര്‍ ഓഫ് മാള്‍ട്ടയും ഉള്‍പ്പെടും. അറബ് രാഷ്ട്രങ്ങളുടെ ലീഗ്, അഭയാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഐക്യരാഷ്ട്രസംഘടനയുടെ ഹൈക്കമ്മീഷണര്‍, കുടിയേറ്റത്തിനായുള്ള അന്താരാഷ്ട്ര സംഘടന എന്നിവയ്ക്കും റോമില്‍ ഓഫീസുണ്ട്.
കഴിഞ്ഞ വര്‍ഷം ഇറ്റലിയുമായി ചില പ്രധാന കരാറുകളും പരിശുദ്ധ സിംഹാസനം ഒപ്പുവച്ചു. റോമിന് പുറത്തുള്ള സാന്താ മരിയ ദി ഗലേറിയ എന്നയിടത്ത്, കാര്‍ഷിക, സോളാര്‍ പാനല്‍ ഉപയോഗിച്ചുള്ള വിദ്യുശ്ചക്തി ഉത്പാദനം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഒരു കരാര്‍ ഇതിലൊന്നാണ്. വത്തിക്കാന്‍ റേഡിയോയുടെ പ്രധാനപ്പെട്ട ആന്റിനകള്‍ സ്ഥിതി ചെയ്യുന്നതും ഇതേ സ്ഥലത്താണ്.
ഇറ്റലിയിലെ സായുധസേനയ്ക്ക് ആധ്യാത്മിക സേവനം ഉറപ്പുനല്‍കുന്നതുമായി ബന്ധപ്പെട്ട് 2018 ഫെബ്രുവരി 13-ന് റോമില്‍ നിലവില്‍ വന്ന കരാര്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള പുതിയ കത്തു കള്‍ 2024 നവംബര്‍ 12-ന് റോമിലും 2024 ഡിസംബര്‍ 23-ന് വത്തിക്കാനിലും കൈമാറ്റം ചെയ്യപ്പെട്ടു, ഈ ഭേദഗതി 2025 നവംബര്‍ 3-ന് പ്രാബല്യത്തില്‍ വന്നു.
ബെര്‍ലിനിലെ ഹംബോള്‍ട്ട് യൂണിവേഴ്‌സിറ്റി യിലുള്ള കത്തോലിക്കാ ദൈവശാസ്ത്ര ഇന്‍സ്റ്റിറ്റിയൂ ട്ടിനെ സംബന്ധിച്ച് പരിശുദ്ധ സിംഹാസനവും, ബെര്‍ലിനും തമ്മില്‍ സെപ്തംബര്‍ 29-ന് മറ്റൊരു കരാറും ഒപ്പിട്ടിരുന്നു.