
ഒക്ടോബര്‍ 10 നു സഭ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന കാര്‍ലോ അക്യുട്ടിസിന്റെ മൃതദേഹം അഴുകിയിട്ടില്ലെന്ന മട്ടിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നു ഇറ്റലിയിലെ അസ്റ്റീസി ബിഷപ് ഡൊമിനിക്കൊ സൊറന്റിനോ വ്യക്തമാക്കി. അതു പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൃതദേഹം അത്ഭുതകരമായ വിധത്തില്‍ അഴുകാതിരിക്കുകയാണെന്ന വാര്‍ത്ത ചിത്രങ്ങള്‍ സഹിതം സമൂഹ മാധ്യമങ്ങളിലും മറ്റും വന്‍തോതില്‍ പ്രചരിച്ചിരിക്കുന്നുണ്ട്.
അക്യൂട്ടിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങിനു മുന്നോടിയായി തിരുശേഷിപ്പുകള്‍ വിശ്വാസികള്‍ക്കു വണങ്ങാനുള്ള സജ്ജീകരണങ്ങള്‍ കബറിടത്തില്‍ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി മൃതദേഹത്തിന്റെ മുഖത്ത് സിലിക്കണ്‍ മുഖാവരണവും ധരിപ്പിച്ചു. ഇതിന്റെ ചിത്രങ്ങളാണ് അത്ഭുതമെന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത്. മൃതദേഹം സാധാരണ രീതിയില്‍ അഴുകി തുടങ്ങിയിരുന്നുവെന്നും അസ്സീസി രൂപതാധികാരികള്‍ അറിയിച്ചു.
ഇതിനു മുന്‍പ് വി.ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഉള്‍പ്പെടെയുള്ളവരുടെ കാര്യത്തില്‍ ഇപ്രകാരം പ്രചരിച്ച കിംവദന്തികളും വത്തിക്കാന്‍ ഉടന്‍ തിരുത്തിയിരുന്നു. മാര്‍പാപ്പമാരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നതിനായി ഒരു പരമ്പരാഗത സങ്കേതം ഉപയോഗിച്ചാണു സജ്ജീകരിക്കുക. അത്തരം മൃതദേഹങ്ങള്‍ അഴുകാന്‍ കാലതാമസം വരുമെന്നും അതിനെ അത്ഭൂതമായി ചിത്രീകരിക്കരുതെന്നും വത്തിക്കാന്‍ വിശദീകരിച്ചു.
2006 ല്‍ തന്റെ 15-)o വയസില്‍ രക്താര്‍ബുദം ബാധിച്ചു മരണമടഞ്ഞ കാര്‍ലോ അക്യൂട്ടിസ് ഐ ടി – ഇന്റര്‍നെറ്റ് വിഷയങ്ങളില്‍ പ്രതിഭാശാലിയായിരുന്നു. മരണത്തിന് ഏതാനും മാസം മുമ്പ് ദിവ്യകാരുണ്യ അത്ഭൂതങ്ങളെ സമാഹരിച്ച് രൂപീകരിച്ച വെബ്‌സൈറ്റ് പ്രസിദ്ധമാണ്. സഭാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.