സിദ്ധികളിലെ വൈവിദ്ധ്യം മിഷനു സഹായകരമാകുന്നു - മാര്‍പാപ്പ

സിദ്ധികളിലെ വൈവിദ്ധ്യം മിഷനു സഹായകരമാകുന്നു - മാര്‍പാപ്പ

സന്യാസസമൂഹങ്ങളുടെ സിദ്ധികളിലെ വിസ്മയകരമായ വൈവിദ്ധ്യം നല്‍കപ്പെട്ടിരിക്കുന്നത് സഭക്കും സഭയുടെ മിഷനും വേണ്ടിയാണെന്നും ആ വൈവിദ്ധ്യം മിഷനു സഹായകരമാകുന്നുണ്ടെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. എല്ലാവരോടും എല്ലായ്‌പോഴും സുവിശേഷം പ്രസംഗിക്കാനും സാക്ഷ്യം വഹിക്കാനും സാധിക്കുന്നത് സമ്പന്നമായ ഈ വൈവിദ്ധ്യം മൂലമാണെന്നും മാര്‍പാപ്പ പറഞ്ഞു. സമര്‍പ്പിത ദിനാചരണവേളയില്‍ നല്‍കിയ സന്ദേശത്തിലാണ് മാര്‍പാപ്പയുടെ ഈ വാക്കുകള്‍. 27-ാമത് സമര്‍പ്പിത ദിനാചരണമാണ് ഫെബ്രുവരി 2 നു കത്തോലിക്കാസഭയില്‍ നടന്നത്. 1997 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഈ ദിനാചരണത്തിനു തുടക്കം കുറിച്ചത്.

എല്ലാ ജനതകള്‍ക്കും സുവിശേഷമെത്തിക്കാന്‍ അയക്കപ്പെട്ടിരിക്കുന്ന ദൈവജനത്തില്‍ സവിശേഷമായ ഒരു ദൗത്യമുള്ളവരാണ് സമര്‍പ്പിതരെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. സമര്‍പ്പിതര്‍ സ്വീകരിച്ചിരിക്കുന്ന പ്രത്യേക ദാനത്തില്‍ നിന്നാണ് ഈ പ്രത്യേക ദൗത്യം ഉണ്ടാകുന്നത്. ദാരിദ്ര്യത്തിലും ബ്രഹ്മചര്യത്തിലും അനുസരണത്തിലും ദൈവരാജ്യത്തിനായി പൂര്‍ണമായി സമര്‍പ്പിച്ചിരിക്കുന്നു എന്ന വസ്തുതയാല്‍ തന്നെ, ദൈവത്തില്‍ നിന്നുള്ള പ്രത്യേകദാനം സമര്‍പ്പിതരുടെ സാക്ഷ്യത്തിനു പ്രത്യേക സ്വഭാവവും മൂല്യവും നല്‍കുന്നു. - മാര്‍പാപ്പ വിശദീകരിച്ചു.

ആഫ്രിക്കന്‍ സന്ദര്‍ശനത്തിലായതിനാല്‍ മാര്‍പാപ്പയുടെ സന്ദേശം സമര്‍പ്പിത കാര്യാലയത്തിന്റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ജോ ബ്രാസ് ഡി അവിസ് വായിക്കുകയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org