ബൈഡന്റെ വിജയപ്രസംഗത്തില്‍ കത്തോലിക്കാ പുരോഹിതനെഴുതിയ ഭക്തിഗാനം

ബൈഡന്റെ വിജയപ്രസംഗത്തില്‍ കത്തോലിക്കാ പുരോഹിതനെഴുതിയ ഭക്തിഗാനം

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച ശേഷം ജോ ബൈഡന്‍ നടത്തിയ പ്രസംഗം ശ്രവിക്കുകയായിരുന്ന മിനെപോളിസ് കത്തോലിക്കാ അതിരൂപതാ വൈദികനായ ഫാ. മൈക്കിള്‍ ജോന്‍കാസ്, താനെഴുതിയ ഭക്തിഗാനത്തിലെ വരികള്‍ നിയുക്ത പ്രസിഡന്റ് ചൊല്ലുന്നത് കേട്ട് അത്ഭുതപ്പെട്ടു. പ്രസംഗം കേട്ടുതീര്‍ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അപ്പോഴേയ്ക്കും നാനാഭാഗത്തു നിന്നും അദ്ദേഹത്തിനു ഫോണ്‍വിളികള്‍ വരാന്‍ തുടങ്ങി. പ്രസിഡന്റിന്റെ പ്രസംഗം കേള്‍ക്കുകയായിരുന്ന ഫാ. ജോന്‍കാസിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍വിളികളായിരുന്നു അവ.
91 -ാം സങ്കീര്‍ത്തനത്തെ ആസ്പദമാക്കി ഫാ. ജോന്‍കാസ് എഴുതിയ 'കഴുകന്റെ ചിറകുകളില്‍' എന്ന ഗാനമാണ് ജോ ബൈഡന്‍ ഉദ്ധരിച്ചത്. സാമാന്യം ദീര്‍ഘമായ ഒരു ആമുഖം നല്‍കിയ ശേഷമാണ് അദ്ദേഹം ഈ ഗാനത്തിലേയ്ക്കു കടന്നത്. തന്നെ താങ്ങിനിറുത്തുന്ന വിശ്വാസത്തെ ഉള്‍ക്കൊള്ളുന്നതാണ് ഈ ഗാനമെന്നും അമേരിക്കയെയും ഈ വിശ്വാസം താങ്ങിനിറുത്തുമെന്നു താന്‍ വിശ്വസിക്കുന്നതായും പറഞ്ഞുകൊണ്ടാണ് ബൈഡന്‍ ഗാനത്തെ പരിചയപ്പെടുത്തിയത്. അര്‍ബുദബാധിതനായി മരിച്ച തന്റെ മകന് വലിയ ആശ്വാസം പകര്‍ന്ന ഗാനം കൊറോണ മൂലം പ്രിയപ്പെട്ടവരെ നഷ്ടമായ അമേരിക്കക്കാര്‍ക്ക് ആശ്വാസം പകരുമെന്ന പ്രത്യാശയും അദ്ദേഹം പങ്കു വച്ചു. "കഴുകന്റെ ചിറകുകളില്‍ അവന്‍ നിന്നെ ഉയര്‍ത്തും, പ്രഭാതത്തിന്റെ ശ്വാസത്തില്‍ നിന്നെ വഹിക്കും, സൂര്യനെ പോലെ നിന്നെ പ്രകാശിപ്പിക്കും, കൈത്തലത്തില്‍ നിന്നെ ചേര്‍ത്തു പിടിക്കും." എന്ന വരികള്‍ ബൈഡന്‍ ഉദ്ധരിച്ചു.
'കഴുകന്റെ ചിറകുകളില്‍' എന്ന ഗാനം ഫാ. ജോന്‍കാസ് 1976 ല്‍ എഴുതിയതാണ്. ഗാനം പിന്നീടു പ്രസിദ്ധമാകുകയും അകത്തോലിക്കാസഭകളിലും ആലപിക്കപ്പെടാന്‍ തുടങ്ങുകയും ചെയ്തു. പോളിഷ്, സ്പാനിഷ്, ഇറ്റാലിയന്‍ ഭാഷകളില്‍ അതിനു പരിഭാഷകളും ഉണ്ടായതായി ഫാ. ജോന്‍കാസ് അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org