വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധപദവിയില്‍, കൃതജ്ഞതാബലി കാട്ടാടിമലയില്‍

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധപദവിയില്‍, കൃതജ്ഞതാബലി കാട്ടാടിമലയില്‍

മെയ് പതിനഞ്ചിനു വത്തിക്കാനില്‍ വച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കുന്നവരില്‍ ഭാരതസഭയുടെ അഭിമാനമായ ദേവ സഹായം പിള്ളയും. ഇതോടനുബന്ധിച്ചു ഭാരത ത്തില്‍ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ കൃതജ്ഞതാബലി കന്യാകുമാരി ജില്ലയിലെ കാട്ടാടിമലയില്‍ ജൂണ്‍ 5 നു നടക്കും. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് ലിയോ പോള്‍ഡ് ജിറേലി മുഖ്യകാര്‍മ്മികനായിരിക്കും. സി.ബി.സി.ഐ. പ്രസിഡന്റ് കാര്‍ഡിനല്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ ജോര്‍ജ് ആലഞ്ചേരി, ഗോവ ആര്‍ച്ചുബിഷപ് ഫിലിപ് നേരി ഫെറാവോ, മദ്രാസ്-മൈലാപ്പൂര്‍ ആര്‍ച്ചുബിഷപ് ജോര്‍ജ് ആന്റണിസ്വാമി, കോട്ടാര്‍ ബിഷപ് നസ്രേന്‍ സൂസൈ, മധുരൈ ആര്‍ച്ചുബിഷപ് ആന്റണി പപ്പുസ്വാമി തുടങ്ങിയവര്‍ സഹകാര്‍മ്മികരാകും. കന്യാകൂമാരി ജില്ലയില്‍ വരുന്ന കോട്ടാര്‍, കുഴിത്തുറ രൂപതകളില്‍ വിശുദ്ധപദപ്രഖ്യാപനത്തിനു മുന്നോടിയായി നിരവധി പ്രാര്‍ത്ഥനാശുശ്രൂഷകള്‍ സംഘടിപ്പിച്ചിരുന്നു.

പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയിലെ നട്ടാലത്ത് 1712 ഏപ്രില്‍ 23 നു ജനിച്ച നീലകണ്ഠപിള്ളയാണ് പിന്നീട് ദേവസഹായം പിള്ളയായി മാറിയത്. തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലെ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. 1745-ല്‍ അദ്ദേഹം ജ്ഞാന സ്‌നാനം സ്വീകരിക്കുകയും ലാസര്‍ എന്ന മാമോ ദീസാപേരിന്റെ അര്‍ത്ഥം വരുന്ന ദേവസഹായം പിള്ളയായി മാറുകയും ചെയ്തു. 1752 ജനുവരി 14 നു കാട്ടാടി മലയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ദേവസഹായം പിള്ളയെ വധശിക്ഷയ്ക്കു വിധിച്ചത്. എന്നാല്‍, കൊട്ടാരം ഉദ്യോഗസ്ഥനായിരുന്ന ഒരാള്‍ മതം മാറി എന്നതാണ് യഥാര്‍ത്ഥ ത്തില്‍ അതിനു കാരണമായതെന്നു കരുതപ്പെടുന്നു. കോട്ടാര്‍ സെ. സേവ്യേഴ്‌സ് കത്തീഡ്രല്‍ പള്ളിയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചിരിക്കുന്നത്. 2012 ഡിസംബര്‍ 2 ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

Related Stories

No stories found.