
സുഡാനിലേയ്ക്കു മാര്‍പാപ്പയും ആംഗ്ലിക്കന്‍ സഭാദ്ധ്യക്ഷനായ കാന്റര്‍ബറി ആര്‍ച്ചുബിഷപ് ജസ്റ്റിന്‍ വെല്‍ബിയും സംയുക്തമായി നടത്തുന്ന സന്ദര്‍ശനം സമാധാനത്തിന്റെ തീര്‍ത്ഥാടനമായി മാറുമെന്ന പ്രത്യാശ പങ്കുവയ്ക്കുന്നു, വത്തിക്കാനും ആംഗ്ലിക്കന്‍ സഭയും ചേര്‍ന്നു പുറപ്പെടുവിച്ച പ്രസ്താവന. സ്വാതന്ത്ര്യത്തിന്റെയും ക്ഷമയുടെയും പാത സ്വീകരിക്കാന്‍ ദക്ഷിണ സുഡാനിലെ നേതാക്കളോടു പ്രസ്താവന അഭ്യര്‍ത്ഥിക്കുന്നു.
ജൂലൈ ആദ്യവാരത്തിലാണ് മാര്‍പാപ്പയുടെ സുഡാന്‍ സന്ദര്‍ശനം ആസൂത്രണം ചെയ്തിരിക്കുന്നത്. കോംഗോയും ഇതോടൊപ്പം മാര്‍പാപ്പ സന്ദര്‍ശിക്കുന്നുണ്ട്. 2017 ല്‍ മാര്‍പാപ്പ ദക്ഷിണ സുഡാന്‍ സന്ദര്‍ശനം തീരുമാനിച്ചിരുന്നുവെങ്കിലും സുരക്ഷാകാരണങ്ങളാല്‍ റദ്ദാക്കുകയായിരുന്നു.
2011 ലാണ് ദക്ഷിണ സുഡാന്‍ ഉത്തര സുഡാനില്‍ നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചു സ്വതന്ത്ര രാഷ്ട്രമായത്. ഇവിടത്തെ 1.1 കോടി ജനങ്ങളില്‍ 37 ശതമാനമാണ് കത്തോലിക്കര്‍. ദക്ഷിണ സുഡാനിലെ ആഭ്യന്തര സംഘര്‍ഷം അവസാനിപ്പിക്കുന്നതിനു മാര്‍പാപ്പ നേതാക്കളെ വത്തിക്കാനിലേയ്ക്കു ക്ഷണിച്ചു സംസാരിച്ചിരുന്നു.