സഹനങ്ങള്‍ സഭൈക്യത്തിനായി സമര്‍പ്പിക്കുക - മാര്‍പാപ്പ

സഹനങ്ങള്‍ സഭൈക്യത്തിനായി സമര്‍പ്പിക്കുക - മാര്‍പാപ്പ

ക്രൈസ്തവൈക്യത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനാവാരത്തില്‍ ക്രൈസ്തവര്‍ തങ്ങളുടെ ബുദ്ധിമുട്ടുകളും സഹനങ്ങളും ക്രൈസ്തവരുടെ ഐക്യത്തിനായി സമര്‍പ്പിക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. വിശ്വാസങ്ങളിലും പാരമ്പര്യങ്ങളിലും ഉള്ള വൈവിധ്യത്തിലും ക്രൈസ്തവരായ നാം പൂര്‍ണമായ ഐക്യത്തിലേയ്ക്കുള്ള പ്രയാണത്തിലാണ്. കര്‍ത്താവായ യേശുവില്‍ ദൃഷ്ടിയുറപ്പിക്കുന്തോറും നാം നമ്മുടെ ലക്ഷ്യത്തിലേയ്ക്ക് അടുക്കുന്നു - പാപ്പാ വ്യക്തമാക്കി.

എല്ലാ വര്‍ഷവും ജനുവരി 18 മുതല്‍ 25 വരെയാണ് ക്രൈസ്തവൈക്യത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനാവാരമായി ആചരിച്ചു വരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ലിയെ പതിമൂന്നാമന്‍ മാര്‍പാപ്പയാണ് ഈ പാരമ്പര്യത്തിനു തുടക്കമിട്ടത്. അകത്തോലിക്കാസഭകളുടെ ആഗോളവേദിയായ സഭകളുടെ ലോകകൗണ്‍സിലും വത്തിക്കാനും സംയുക്തമായി 1966 ല്‍ പ്രാര്‍ത്ഥനാവാരം നടത്തുകയും പിന്നീട് അത് ഒരു വാര്‍ഷികപരിപാടി ആകുകയും ചെയ്തു. കത്തോലിക്കാ, ഓര്‍ത്തഡോക്‌സ്, ബാപ്റ്റിസ്റ്റ്, പെന്തക്കോസ്തല്‍, പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങള്‍ ഈ ആഴ്ചയില്‍ പ്രാര്‍ത്ഥനയ്ക്കായി ഒത്തുചേരാറുണ്ട്. ഈ വര്‍ഷം പ്രാര്‍ത്ഥനകള്‍ തയ്യാറാക്കിയിരിക്കുന്നത്, ലെബനോനിലെ ബെയ്‌റൂട്ട് ആസ്ഥാനമായുള്ള സഭകളുടെ മധ്യപൂര്‍വദേശ കൗണ്‍സില്‍ ആണ്. ''കിഴക്ക് ഞങ്ങളൊരു നക്ഷത്രം കണ്ടു, ഞങ്ങളവനെ ആരാധിക്കാന്‍ വന്നു'' എന്ന ബൈബിള്‍ വാക്യമാണ് ഈ വര്‍ഷത്തെ സഭൈക്യപ്രാര്‍ത്ഥനകളുടെ പ്രമേയം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org