സ്ത്രീകള്‍ക്ക് ഡീക്കന്‍ പട്ടം നല്‍കുക നിലവില്‍ സാധ്യമല്ല: പെത്രോക്കി കമ്മീഷന്‍

സ്ത്രീകള്‍ക്ക് ഡീക്കന്‍ പട്ടം നല്‍കുക  നിലവില്‍ സാധ്യമല്ല: പെത്രോക്കി കമ്മീഷന്‍
Published on

ശുശ്രൂഷാ പൗരോഹിത്യ ത്തിന്റെ ഒരു പടിയെന്ന നില യില്‍ സ്ത്രീകള്‍ക്ക് ഡീക്കന്‍ പട്ടം നല്‍കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട കര്‍ദിനാള്‍ പെത്രോക്കി കമ്മീഷന്‍, നിലവില്‍ ഇത്തരമൊരു തീരുമാന മെടുക്കുന്നതിന് പ്രതികൂലമായ അഭിപ്രായം രേഖപ്പെടുത്തി തങ്ങളുടെ പഠന റിപ്പോര്‍ട്ട് മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ചു. ഫ്രാന്‍സിസ് പാപ്പായുടെ നിര്‍ദേശ പ്രകാരം നടത്തിയ സുദീര്‍ഘമായ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ്, ഇറ്റലിയിലെ ആക്വില അതിരൂപതയുടെ മുന്‍ അധ്യക്ഷനായ കാര്‍ഡിനല്‍ ജ്യുസേപ്പെ പെത്രോക്കി അധ്യക്ഷനായുള്ള കമ്മീഷന്‍ ലിയോ പതിനാലാമന്‍ പാപ്പായ്ക്ക് സമര്‍പ്പിച്ചത്.

തിരുപ്പട്ടത്തിന്റെ ഒരു പടിയെന്ന നിലയില്‍ സ്ത്രീകള്‍ക്ക് ഡീക്കന്‍ പട്ടം നല്‍കുന്നതിന്റെ സാധ്യതയെ ക്കുറിച്ച്, തിരുവചനത്തിന്റെയും, സഭാപാരമ്പര്യത്തിന്റെയും, സഭ യുടെ ഔദ്യോഗിക പ്രബോധനങ്ങളുടെയും കൂടി വെളിച്ചത്തില്‍ നടത്തിയ ചരിത്രാന്വേഷണങ്ങളും ദൈവശാസ്ത്ര പഠനങ്ങളും അത്തരമൊരു കാര്യം ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളും കണക്കിലെടുത്ത്, പ്രതികൂലമായ ഒരു തീരുമാനത്തിലേക്ക് നയിക്കുന്നുവെന്ന് കമ്മീഷന്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ എഴുതി. എന്നാല്‍ പൗരോഹിത്യപട്ടത്തിന്റെ കാര്യത്തിലെന്നപോലെ, നിലവില്‍ ഒരു അന്ത്യവിധി തീരുമാനിക്കുന്നതിന് ഇത് അനുവദിക്കുന്നില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ചരിത്രസ്വഭാവമുള്ള അന്വേഷ ണങ്ങളുടെ ഭാഗമായി, സഭയില്‍ വിവിധ കാലങ്ങളിലും ഇടങ്ങളിലും ചിലപ്പോഴെങ്കിലും ഡീക്കന്‍ എന്ന രീതിയില്‍ സ്ത്രീകളെക്കുറിച്ച് പരാമര്‍ശിക്കുന്നത് ഇന്നത്തേതിന് തുല്യമായി ഒരേ അര്‍ഥത്തിലാ യിരുന്നില്ലെന്നും, പുരുഷ ഡീക്കന്മാരുടേതിന് തുല്യമായ സ്ത്രീ ഡീക്കന്മാര്‍ എന്ന അര്‍ഥത്തില്‍ അല്ലായിരുന്നുവെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ഒന്നിനെതിരെ ഏഴ് വോട്ടുകളോടെയാണ്, നിലവിലെ തീരുമാനം കമ്മീഷന്‍ രൂപപ്പെടുത്തിയത്. അതേസമയം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേപോലെ ശുശ്രൂഷ നല്‍കാന്‍ കഴിയുന്ന സേവനയിടങ്ങള്‍ രൂപീകരിക്കുന്നതിനുള്ള പിന്തുണ കമ്മീഷന്‍ ഏകകണ്ഠമായി പ്രകടിപ്പിച്ചിരുന്നു.

സ്ത്രീകള്‍ക്ക് ഡീക്കന്‍ പട്ടം നല്‍കുന്നതുമായി ബന്ധ പ്പെട്ട് ഉയര്‍ന്നുവന്ന ഏതാനും ചില രാജ്യങ്ങളില്‍നിന്ന് മാത്രമുള്ള ചുരുക്കം ചില അഭിപ്രായങ്ങളെ, മുഴുവന്‍ സിനഡിന്റെയും മുഴുവന്‍ സഭയുടെയും സ്വരമായി വ്യാഖ്യാനിക്കാന്‍ കഴിയില്ലെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടവര്‍ എന്ന നിലയില്‍ സ്ത്രീപുരുഷന്മാരുടെ തുല്യതയ്ക്ക് എതിരാണ് സ്ത്രീകള്‍ക്ക് പൗരോഹിത്യം നിഷേധിക്കുന്നത് എന്ന ഒരു അഭിപ്രായമാണ് പലയിടങ്ങളിലും ഉയര്‍ന്നതെങ്കില്‍, ക്രിസ്തുവിന്റെ പുരുഷത്വം പട്ടം സ്വീകരിക്കുന്നവരുടെ പുരുഷത്വം ആവശ്യപ്പെടുന്നുവെന്ന വാദമാണ് മറുഭാഗം ഉയര്‍ത്തിയത്. അതേസമയം, മാമ്മോദീസ സ്വീകരിച്ചവര്‍ പ്രത്യേകിച്ച് സ്ത്രീകള്‍ സഭയില്‍ ചെയ്യുന്ന ശുശ്രൂഷകളെ അംഗീകരിക്കേണ്ടതിന്റെ ആവശ്യവും, അത്തരം മേഖലകളില്‍ അവര്‍ക്കുണ്ടാകേണ്ട സാധ്യതകളും കമ്മീഷന്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org