

ഏകാന്തതയുടെ സംസ്‌കാരമാണ് ഇന്ന് ജനനനിരക്ക് കുറയുന്നതിന് കാരണമാകുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ടതെന്നും അതു യൂറോപ്യന്‍ ഭൂഖണ്ഡത്തിനു വലിയ വെല്ലുവിളി ഉയര്‍ത്തുന്നുവെന്നും ലിയോ പതിനാലാമന്‍ പാപ്പാ ചൂണ്ടിക്കാണിച്ചു. കുടുംബങ്ങൾക്കെതിരായ നയങ്ങള്‍ രൂപീകരിക്കുന്നതും, മാതൃത്വത്തിനെതിരെ വിവേചനം കാണിക്കുന്നതും, ഗര്‍ഭഛിദ്രം ഒരു അവകാശമായി വാഴ്ത്തുന്നതുമായ ഒരു യൂറോപ്പിന്,
വര്‍ത്തമാന കാലത്തെ പുരുഷന്മാരും സ്ത്രീകളും നേരിടുന്ന പ്രതിസന്ധികളോട് പ്രതികരി ക്കാന്‍ ക്രിയാത്മകമായ തത്വങ്ങള്‍ ആവശ്യമാണെന്നു പാപ്പാ പറഞ്ഞു. മെയ് 25-ന് റോമില്‍ നടക്കുന്ന ‘ജനസംഖ്യാശാസ്ത്രവും യൂറോപ്പും: ഒരു നിർണ്ണായക മുഹൂര്‍ത്തം’ എന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റിന്റെ ജനസംഖ്യാ ഇന്റര്‍ഗ്രൂപ്പ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു പാപ്പാ.
കുട്ടികളാണ് ഭാവി എന്ന് ചൂണ്ടിക്കാണിച്ച പാപ്പാ, തലമുറകൾ ക്കിടയില്‍ സമഗ്രവും സുസ്ഥിരവുമായ വികസനത്തിന്റെ ആവശ്യകത വ്യക്തമാക്കി. ജനസംഖ്യാപരമായ വിവരങ്ങള്‍ കേവലം സ്ഥിതിവിവര ക്കണക്കുകള്‍ മാത്രമല്ല, പിതൃത്വം, മാതൃത്വം, കുട്ടികള്‍ എന്നിവയെക്കുറിച്ച് സംസാരിക്കുന്ന ശക്തമായ ആശയമാണ്. യൂറോപ്യന്‍ യൂണിയന്‍ സംവിധാനങ്ങളുടെ സ്ഥാപക പിതാക്കന്മാരുടെ ക്രിസ്തീയ പ്രചോദനത്തെ സമീപദശകങ്ങളില്‍ നിരസിച്ചത് കടുത്ത വന്ധ്യതയുടെ ഒരു കാലഘട്ടത്തിലേക്ക് വന്‍കരയെ നയിച്ചു. ഇതുമൂലം, യുവാക്കള്‍ക്ക് ഭാവിയെ അഭിമുഖീകരിക്കാന്‍ ആവശ്യമായ ഭൗതികവും സാംസ്‌കാരികവുമായ കാര്യങ്ങള്‍ കൈമാറുന്നതില്‍ സമൂഹം പരാജയപ്പെട്ടു - പാപ്പാ വിശദീകരിച്ചു.
മാതൃത്വത്തിനെതിരായ വിവേചനം ഒരേസമയം പ്രോത്സാഹിപ്പിക്കുകയും, ഗര്‍ഭച്ഛിദ്രത്തെ ഒരു അവകാശമായി ഉയര്‍ത്തിപ്പിടിക്കുകയും, ഒരു കുടുംബം ആരംഭിക്കാനുള്ള ആഗ്രഹത്തിന്റെ അടിത്തറയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന കുടുംബ സൗഹൃദനയങ്ങളുടെ പരസ്പരവിരുദ്ധമായ അവകാശവാദങ്ങള്‍ ഏറെ വേദന ഉളവാക്കുന്നുവെങ്കിലും, ഇതിനു അപവാദമായ മാതൃകകള്‍ ഇന്ന് ഉയര്‍ന്നു വരുന്നത് ഏറെ സന്തോഷകരമാണെന്നും പാപ്പാ പറഞ്ഞു. യൂറോപ്പിന്റെ നരവംശശാസ്ത്രപരവും സാമൂഹികവും സാമ്പത്തികവുമായ ഭാവിയുടെ നിർണ്ണായക ഘട്ടമായി ജനസംഖ്യാപരമായ വെല്ലുവിളി നിലകൊള്ളുന്നു. അതിനാല്‍ ആഴത്തിലുള്ള ഒരു പഠനം ആവശ്യമാണ് - പാപ്പാ ആവശ്യപ്പെട്ടു.