പാശ്ചാത്യലോകത്തിന്റെ അപചയത്തിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ

പാശ്ചാത്യലോകത്തിന്റെ അപചയത്തിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ

പാശ്ചാത്യരാജ്യങ്ങള്‍ ധാര്‍മ്മികമായ അപചയത്തിന്റെ പാത സ്വീകരിക്കുകയാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ കുറ്റപ്പെടുത്തി. കാരുണ്യവധവും മറ്റും നിയമവിധേയമാക്കുന്നതിനെയാണ് പാപ്പാ പ്രധാനമായും സൂചിപ്പിച്ചത്. ഫ്രാന്‍സിലും ഇറ്റലിയിലും ബെല്‍ജിയത്തിലും കാരുണ്യവധം നിയമവിധേയമാക്കുന്നതിനുള്ള സമ്മര്‍ദ്ദം കസാഖ്സ്ഥാനിലേയ്ക്കുള്ള യാത്രമദ്ധ്യേ വിമാനത്തില്‍ വച്ചു പാപ്പാ ചൂണ്ടിക്കാട്ടി. കസാഖ്സ്ഥാനില്‍ അന്താരാഷ്ട്ര സര്‍വമത സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായിരുന്നു മാര്‍പാപ്പയുടെ യാത്ര.

കൊല്ലുന്നത് ഒരിക്കലും മാനവീകമല്ലെന്ന് പാപ്പ വ്യക്തമാക്കി. നിങ്ങള്‍ കൊല്ലുമെങ്കില്‍ ഒടുവില്‍ നിങ്ങള്‍ പിന്നെയും കൊല്ലും. അതു മനുഷ്യനു ചേര്‍ന്നതല്ല. കൊലപാതകം മൃഗങ്ങളെ ഏല്‍പിക്കാം. -പാപ്പാ പറഞ്ഞു.

റഷ്യ-ഉക്രെയിന്‍ യുദ്ധം, ചൈനാ-വത്തിക്കാന്‍ ബന്ധം തുടങ്ങിയ വിഷയങ്ങളും മാര്‍പാപ്പ സംസാരിച്ചു. ഉക്രെയിനു സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നു പാപ്പാ വ്യക്തമാക്കി. ചൈനയും വത്തിക്കാനും തമ്മിലുള്ള ബന്ധം സാവധാനത്തിലാണു പുരോഗമിക്കുന്നതെന്നും ചൈനയുടെ മനോഭാവം മനസ്സിലാക്കുക എളുപ്പമല്ലെങ്കിലും അവരെ ആദരിക്കേണ്ടതുണ്ടെന്നും പാപ്പാ പറഞ്ഞു. ചൈനയെ ജനാധിപത്യം-ജനാധിപത്യവിരുദ്ധ എന്ന ദ്വന്ദയുക്തിയില്‍ വര്‍ഗീകരിക്കുന്നതു ശരിയല്ല. കാരണം തനതായ താളങ്ങളുള്ള സങ്കീര്‍ണണായ ഒരു രാജ്യമാണത്. നമുക്കു ജനാധിപത്യവിരുദ്ധമായ കാര്യങ്ങള്‍ അവിടെയുണ്ടെന്നതു ശരിയാണ്. പക്ഷേ വര്‍ഗീകരിക്കുന്നതിനേക്കാള്‍ സംഭാഷണത്തിന്റെ മാര്‍ഗത്തെ പിന്തുണയ്ക്കാനാണു ഞാന്‍ ശ്രമിക്കുന്നത്. സംഭാഷണത്തിലൂടെ ഒട്ടേറെ കാര്യങ്ങള്‍ വ്യക്തമാക്കാനാകും. - പാപ്പാ വിശദീകരിച്ചു. ചൈന സന്ദര്‍ശിക്കാന്‍ താന്‍ എപ്പോഴും ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org