ഡബ്ലിന്‍ അതിരൂപതയില്‍ 70 മുതിര്‍ന്നവര്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചു

ഡബ്ലിന്‍ അതിരൂപതയില്‍ 70 മുതിര്‍ന്നവര്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചു
Published on

ഈ വര്‍ഷം ഈസ്റ്റര്‍ പാതിരാ കുര്‍ബാനയില്‍ അയര്‍ലണ്ടിലെ ഡബ്ലിന്‍ അതിരൂപത യില്‍ 70 മുതിര്‍ന്നവര്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചതായി അധികാരികള്‍ അറിയിച്ചു.

അയര്‍ലണ്ടില്‍ പൊതുവേ കത്തോലിക്ക വിശ്വാസം കൂടുതല്‍ സ്വീകാര്യമായി കൊണ്ടിരിക്കുന്ന തിന്റെ ഒരു സൂചനയാണ് ഇതെന്ന് രൂപത അധികാരികള്‍ പറഞ്ഞു.

യുവാക്കള്‍ തങ്ങളുടെ ആത്മീയ അന്വേഷണങ്ങളുടെ ഭാഗമായി വിശ്വാസത്തിലേക്ക് കടന്നുവരാനും കൂട്ടായ്മയോടൊപ്പം വിശ്വാസത്തില്‍ വളരാനും ആഗ്രഹിക്കുന്നുണ്ട് എന്ന് അതിരൂപതയുടെ മിഷന്‍ കാര്യാലയത്തിന്റെ ഡയറക്ടര്‍ പെട്രിഷ്യ കാരള്‍ പറഞ്ഞു.

ഇതര രാജ്യങ്ങളില്‍ നിന്ന് കുടിയേറിയവര്‍ മാത്രമല്ല ഐറിഷ് വംശജരും ഈ കൂട്ടത്തിലുണ്ട്. ഐറിഷ് മാതാപിതാക്കള്‍ പലരും തങ്ങളുടെ മക്കള്‍ക്ക് കൂദാശകള്‍ നല്‍കാത്തവരാണ്.

അത്തരം മാതാപിതാക്കളുടെ കുട്ടികള്‍ വളരുമ്പോള്‍ വിശ്വാസത്തിലേക്ക് കടന്നുവരുന്നതും മുതിര്‍ന്നവരുടെ ജ്ഞാനസ്‌നാനങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്.

ഡബ്ലിന്‍ അതിരൂപതയില്‍ ഇത്തരത്തിലുള്ള യുവാക്കളുടെ അജപാലന ആവശ്യങ്ങള്‍ക്കും പരിശീലന ത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട് എന്ന് കാരള്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org