കത്തോലിക്കാ ദൈവശാസ്ത്രം കാലാനുസൃതം നവീകരിക്കണമെന്നു മാര്‍പാപ്പ

കത്തോലിക്കാ ദൈവശാസ്ത്രം കാലാനുസൃതം നവീകരിക്കണമെന്നു മാര്‍പാപ്പ

കാലാനുസൃതവും സാഹചര്യാനുസൃതവുമായ വിധത്തില്‍ കത്തോലിക്കാസഭയുടെ ദൈവശാസ്ത്രത്തില്‍ ഒരു വീക്ഷണമാറ്റം വരുത്തേണ്ടതുണ്ടെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. ദൈവശാസ്ത്രത്തിനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാദമിയുടെ നിയമാവലിയില്‍ ഇതനുസരിച്ചുള്ള പരിഷ്‌കരണങ്ങളും മാര്‍പാപ്പ നിര്‍ദേശിക്കുന്നു. കത്തോലിക്കാ ദൈവശാസ്ത്രത്തിന്റെ ഭാവിയെ നിര്‍ണായകമായ വിധത്തില്‍ സ്വാധീനിക്കാന്‍ പര്യാപ്തമായ പുതിയ രേഖ 'ദൈവശാസ്ത്രപ്രോത്സാഹനത്തിന്' എന്ന പേരില്‍ മാര്‍പാപ്പ പുറപ്പെടുവിച്ചു.

വ്യത്യസ്തങ്ങളായ പാരമ്പര്യങ്ങളും വിജ്ഞാനമേഖലകളും ക്രൈസ്തവവിശ്വാസധാരകളും മതങ്ങളും തമ്മിലുള്ള തുറന്ന സംവാദങ്ങളിലൂടെയും സമാഗമങ്ങളിലൂടെയും മാത്രമേ ദൈവശാസ്ത്രം വികസിതമാകുകയുള്ളൂ എന്നു മാര്‍പാപ്പ ഈ അപ്പസ്‌തോലിക ലേഖനത്തില്‍ എഴുതുന്നു. 'മൗലികതയുള്ള ഒരു സാഹചര്യാധിഷ്ഠിത ദൈവശാസ്ത്രമായി' മാറുന്നതിന് കത്തോലിക്കാദൈവശാസ്ത്രം ധീരമായ ഒരു സാംസ്‌കാരികവിപ്ലവത്തിനു വിധേയമാകേണ്ടതുണ്ട്. വ്യത്യസ്തങ്ങളായ ഭൗമ, സാമൂഹ്യ, സാംസ്‌കാരിക അന്തരീക്ഷങ്ങളില്‍ അനുദിനം ജീവിക്കുന്ന സ്ത്രീപുരുഷന്മാരുടെ ജീവിതാവസ്ഥകളില്‍ സുവിശേഷം വായിക്കാനും വ്യാഖ്യാനിക്കാനും പ്രാപ്തമായ ഒരു ദൈവശാസ്ത്രമാണ് ഈ രീതിയില്‍ രൂപപ്പെടേണ്ടത്. സ്ഥല കാലങ്ങളിലേക്ക് അവതീര്‍ണനായ ക്രിസ്തുവിനാല്‍ അതു നയിക്കപ്പെടണം. -മാര്‍പാപ്പ വിശദീകരിച്ചു.

ദൈവശാസ്ത്രം കേവലം ബൗദ്ധികതലത്തില്‍ ഒതുങ്ങിനില്‍ക്കരുതെന്ന തന്റെ നിലപാട് മാര്‍പാപ്പ ഇതില്‍ ആവര്‍ത്തിക്കുന്നുണ്ട്. സിനഡലും മിഷണറിയും പുറത്തേക്കിറങ്ങിച്ചെല്ലുന്നതുമായ ഒരു സഭക്ക് പുറത്തേക്കിറങ്ങിച്ചെല്ലുന്ന ദൈവശാസ്ത്രമാണാവശ്യം. സംവാദാത്മകമായ സമീപനം ദൈവശാസ്ത്രത്തിന്റെ അതിരുകള്‍ വിശാലമാക്കും. വിഷയാന്തര സ്വഭാവം ദൈവശാസ്ത്രത്തിനുണ്ടായിരിക്കണം. ഇതര വിജ്ഞാനശാഖകള്‍ വികസിപ്പിച്ച പുതിയ ഇനങ്ങള്‍ ദൈവശാസ്ത്രജ്ഞര്‍ പ്രയോജനപ്പെടുത്തണം. യേശുവിന്റെ പ്രബോധനം ഇന്നത്തെ ഭാഷകളില്‍ മൗലികതയോടെയും വിമര്‍ശനാവബോധത്തോടെയും സംവേദനം ചെയ്യാന്‍ ഇതാവശ്യമാണ്. ജനങ്ങളുടെ സാമാന്യബോധത്തിന്റെ അറിവിനു മുന്‍ഗണന നല്‍കണം. - മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org