കത്തോലിക്കാ ജനസംഖ്യ: ആഫ്രിക്കയില്‍ വന്‍വര്‍ദ്ധനവ്, ആകെ കൂടിയത് 1.62 കോടി

കത്തോലിക്കാ ജനസംഖ്യ: ആഫ്രിക്കയില്‍ വന്‍വര്‍ദ്ധനവ്, ആകെ കൂടിയത് 1.62 കോടി
Published on

2020 ഡിസംബര്‍ 31 മുതല്‍ നിന്ന് 2021 ഡിസംബര്‍ 31 വരെയുള്ള ഒരു വര്‍ഷം കൊണ്ട് ലോകത്തിലെ ആകെ കത്തോലിക്കരുടെ എണ്ണത്തില്‍ 1.62 കോടിയുടെ വര്‍ദ്ധനവ്. ലോകജനസംഖ്യയിലെ കത്തോലിക്കരുടെ അനുപാതം 17.7 % ല്‍ നിന്ന് 17.67% ആയി നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. ലോകത്തിലെ ആകെ കത്തോലിക്കരുടെ എണ്ണം 1,375,852,000 ആണ്.

കത്തോലിക്കാ വൈദികരുടെ എണ്ണത്തില്‍ 2347 പേരുടെ കുറവ് ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ 408000 വൈദികരാണ് ആകെയുള്ളത്. 3373 കത്തോലിക്കര്‍ക്ക് ഒരു പുരോഹിതന്‍ എന്നതാണ് അനുപാതം. ആഫ്രിക്കയില്‍ 1500 വൈദികര്‍ വര്‍ദ്ധിച്ചു, ഏഷ്യയില്‍ അതിന്റെ ഏതാണ്ട് പകുതിയോളവും. അതേസമയം അമേരിക്കന്‍ വന്‍കരയില്‍ ആയിരത്തോളം വൈദികര്‍ കുറഞ്ഞു. സ്ഥിരം ഡീക്കന്മാരുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവുണ്ട്. 541 പേര്‍ വര്‍ദ്ധിച്ച് സ്ഥിരം ഡീക്കന്മാര്‍ 49176 ആയി. അമേരിക്കയിലും യൂറോപ്പിലുമാണ് ഡീക്കന്മാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുള്ളത്.

അതേസമയം, സന്യസ്തരുടെ എണ്ണത്തില്‍ 800 ഓളം പേരുടെ കുറവുണ്ടായി. യൂറോപ്പിലും അമേരിക്കയിലുമാണ് ഈ കുറവ് പ്രധാനമായും ഉണ്ടായത്. ആഫ്രിക്കയില്‍ 205 പേര്‍ വര്‍ദ്ധിച്ചു. വനിതാസന്യസ്തരുടെ എണ്ണത്തിലെ കുറവ് കൂടുതല്‍ രൂക്ഷമാണ്. 10,588 പേരാണ് ഒരു വര്‍ഷം കൊണ്ടു കുറഞ്ഞത്. 7800 പേരുടെ കുറവ് രേഖപ്പെടുത്തിയത് യൂറോപ്പിലാണ്. അമേരിക്കയില്‍ 5000 പേര്‍ കുറഞ്ഞു. ആഫ്രിക്കയില്‍ 2000 പേര്‍ വര്‍ദ്ധിച്ചു.

മേജര്‍ സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയ ഏകവന്‍കര ആഫ്രിക്കയാണ്. ഇവിടെ 187 പേര്‍ വര്‍ദ്ധിച്ച് 34,000 ആയി. എന്നാല്‍ ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലും കുറഞ്ഞു. ഇപ്പോള്‍ ലോകമാകെയുള്ള മേജര്‍ സെമിനാരി വിദ്യാര്‍ത്ഥികള്‍ 11000 ആണ്. മുന്‍വര്‍ഷത്തേക്കാള്‍ 2000 കുറവാണിത്. അതേസമയം മൈനര്‍ സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ആകെ 300 പേരുടെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ആഫ്രിക്കയില്‍ 2000 പേര്‍ വര്‍ദ്ധിക്കുകയും ഏഷ്യയില്‍ 1216 പേര്‍ കുറയുകയുമാണു ചെയ്തിരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org