

‘നോസ്ത്ര എത്താത്തെ’യുടെ അറുപതാം വാര്‍ഷികവുമായി ബന്ധപ്പെട്ട്, വിദ്വേഷ ത്തെയും തീവ്രവാദത്തെയും ചെറുക്കാനും, ‘പ്രതിരോധത്തിന്റെയോ ശത്രുതയുടെയോ കീഴടക്കലിന്റെയോ യുക്തികൾ’ ഉപേക്ഷിക്കാനും, മതസ്വാതന്ത്ര്യം സംരക്ഷിക്കാനു മുള്ള ആഹ്വാനം വത്തിക്കാന്‍ ആവര്‍ത്തിച്ചു. വത്തിക്കാന്‍ വിശ്വാസ കാര്യാലയം, ക്രൈസ്തവൈക്യകാര്യാലയം, മതാന്തര സംവാദകാര്യാലയം എന്നിവ സംയുക്തമായി പുറപ്പെടുവിച്ച ‘പ്രതീക്ഷയുടെ ഒരു പാത’ എന്ന പത്രക്കുറിപ്പിലാണ് ഈ ആഹ്വാനം. കത്തോലിക്കരും മറ്റ് മതങ്ങളിലെ വിശ്വാസികളും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രത്തില്‍, നവമായ ഒരു അധ്യായത്തിനു തുടക്കം കുറിച്ച, ‘നോസ്ത്ര എത്താത്തെ’യുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് വത്തിക്കാന്‍ കാര്യാലയങ്ങളുടെ ഈ സംയുക്ത പ്രസ്താവന.
‘വംശം, നിറം, സാമൂഹിക സ്ഥിതി, മതം എന്നിവയുടെ പേരില്‍ മനുഷ്യര്‍ക്കിടയില്‍ നടത്തുന്ന ഏതൊരു വിവേചനത്തെയും പീഡനത്തെയും ക്രിസ്തുവിന്റെ ഇഷ്ടത്തിന് വിരുദ്ധമെന്ന നിലയില്‍ സഭ തള്ളിക്കളയുന്നു എന്ന് നോസ്ത്ര എത്താത്തെയുടെ പശ്ചാത്തല ത്തില്‍ ഈ പ്രസ്താവന വ്യക്തമാക്കുന്നു.
‘ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട ചില മനുഷ്യരോട് സഹോദരങ്ങളെപ്പോലെ പെരുമാറാന്‍ നമ്മള്‍ വിസമ്മതിക്കുകയാണെങ്കില്‍, ദൈവത്തെ എല്ലാവരുടെയും പിതാവായി വിളിക്കാന്‍ നമുക്ക് കഴിയില്ല’ എന്ന ശക്തമായ സന്ദേശവും പ്രസ്താവനയില്‍ നല്‍കുന്നു.