
അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക ഭീകരവാദികളുടെ പിടിയില്‍ നിന്നു മോചിപ്പിച്ച കൗമാരക്കാരികളായ 20 പെണ്‍കുട്ടികള്‍ക്ക് അമേരിക്ക ആസ്ഥാനമായുള്ള കത്തോലിക്കാ ജീവകാരുണ്യ സംഘടനയായ വള്‍നെറബിള്‍ പീപ്പിള്‍ പ്രോജക്ട് ചികിത്സയും വിദ്യാഭ്യാസവും നല്‍കുന്നു. സ്‌പെയിനിലാണ് ഇപ്പോള്‍ ഈ കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്നത്. കാബൂളിലെ ഒരു വിദ്യാഭ്യാസസ്ഥാപനത്തില്‍ തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തിലാണ് ഈ കുട്ടികള്‍ക്കു പരിക്കേറ്റത്. 46 വിദ്യാര്‍ത്ഥിനികളുള്‍പ്പെടെ 53 പേര്‍ ആ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. പെണ്‍കുട്ടികള്‍ പഠിക്കുന്നു എന്നതായിരുന്നു തീവ്രവാദി ആക്രമണത്തിന്റെ പ്രധാന കാരണം. കൂടാതെ ഇവര്‍ അഫ്ഗാനിലെ ഹസാര എന്ന വംശീയ ന്യൂനപക്ഷത്തിലെ അംഗങ്ങളുമായിരുന്നു. താലിബാന്‍ രാജ്യത്തിന്റെ നിയന്ത്രണമേറ്റെടുത്ത ശേഷം ഇവര്‍ക്കെതിരായ അക്രമങ്ങള്‍ വ്യാപകമായിട്ടുണ്ട്. അതോടൊപ്പം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും വ്യാപകമായി നിരോധിക്കപ്പെട്ടു. സ്‌കൂളില്‍ പഠിക്കുന്ന പ്രായ്തിലുള്ള അഫ്ഗാനി പെണ്‍കുട്ടികളില്‍ 80 ശതമാനവും ഇപ്പോള്‍ സ്‌കൂളില്‍ പോകുന്നില്ലെന്നാണ് യുനെസ്‌കോയുടെ കണക്ക്.