
2024 ല്‍ ലഭിച്ച വരുമാനം 2023 ലേക്കാള്‍ കൂടുതലായിരുന്നുവെങ്കിലും കര്‍ക്കശമായ ചെലവു ചുരുക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണു ജര്‍മ്മനിയിലെ കത്തോലിക്കാസഭ. അംഗങ്ങള്‍ കുറയുന്നതുകൊണ്ട് സഭാനികുതി ഇനത്തില്‍ ലഭിക്കുന്ന വരുമാനം ഭാവിയില്‍ കുറയുമെന്നതു
മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ചെലവു ചുരുക്കല്‍ നയം സ്വീകരിക്കുന്നതെന്ന് ജര്‍മ്മന്‍ മെത്രാന്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറി ബീറ്റ് ഗില്ലെസ് പറഞ്ഞു. ഇതിന്റെ ഭാഗമായി വിവിധ ഗ്രാന്റുകള്‍ ഉള്‍പ്പെടെ വെട്ടിക്കുറയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
27 രൂപതകള്‍ ചേര്‍ന്നുള്ള സംവിധാനത്തിന് 2024 ല്‍ സഭാനികുതി ഇനത്തില്‍ ലഭിച്ചത് 662 കോടി യൂറോയാണ്. 2023 ല്‍ ഇത് 651 കോടി യൂറോ ആയിരുന്നു. പക്ഷേ, 2024 ല്‍ 3.21 ലക്ഷം കത്തോലിക്കര്‍ ജര്‍മ്മനിയില്‍ സഭ വിട്ടുപോയി. അവരില്‍ നിന്ന് ഇനി നികുതി ലഭിക്കില്ല.
ശമ്പളവര്‍ധനവും പൊതുവായ സാമ്പത്തികസ്ഥിതിയും മൂലമാവാം ആളുകള്‍ വിട്ടുപോകുന്നതെങ്കിലും ഇപ്പോള്‍ അതു വരുമാന ത്തില്‍ പ്രതിഫലിക്കാത്തതെന്നു സഭാധികാരികള്‍ കരുതുന്നു.
എന്നാല്‍ അംഗങ്ങള്‍ കുറയുന്ന പ്രവണത നിലനില്‍ക്കുന്നതിനാല്‍ വൈകാതെ അതു വരുമാനത്തിലും പ്രതിഫലിക്കുമെന്നാണു നിഗമനം. പല രൂപതകളിലും ഇപ്പോള്‍ ചെലവുകള്‍ വരുമാനത്തേക്കാള്‍ അധികമാകുന്ന സ്ഥിതി വന്നു തുടങ്ങിയെന്നും ഗില്ലെസ് ചൂണ്ടിക്കാട്ടി.