പോര്‍ട്ടുഗല്‍ യുവജനങ്ങള്‍ക്കു കുരിശു കൈമാറി

പോര്‍ട്ടുഗല്‍ യുവജനങ്ങള്‍ക്കു കുരിശു കൈമാറി
Published on

അടുത്ത ആഗോള യുവജനദിനാഘോഷം നടക്കുന്ന പോര്‍ട്ടുഗലില്‍ നിന്നുള്ള യുവജനങ്ങള്‍ക്കു യുവജനദിനാഘോഷത്തിന്റെ കുരിശും മരിയന്‍ ചിത്രവും കൈമാറി. കഴിഞ്ഞ യുവജനദിനാഘോഷം നടന്ന പനാമയില്‍ നിന്നുള്ള യുവജനപ്രതിനിധിസംഘമാണ് പോര്‍ട്ടുഗലിലെ യുവജനങ്ങള്‍ക്കു ഇവ സമ്മാനിച്ചത്. സെ. പീറ്റേഴ്‌സ് ബസിലിക്കയില്‍ ക്രിസ്തുവിന്റെ രാജത്വതിരുനാളിന്റെ ദിവ്യബലിയ്ക്കിടെയായിരുന്നു ചടങ്ങ്. ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മ്മികനായി. 2023 ല്‍ പോര്‍ട്ടുഗലിലെ ലിസ്ബണിലാണ് അടുത്ത യുവജനദിനാഘോഷം നടക്കുക.
1984 ല്‍ രക്ഷാവര്‍ഷം ആഘോഷിക്കുന്നതിനിടെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ യുവജനങ്ങള്‍ക്കു സമ്മാനിച്ച മരക്കുരിശാണ് ഇപ്പോള്‍ ആഗോള യുവജനദിനാഘോഷം നടത്തുന്ന നഗരങ്ങള്‍ തമ്മില്‍ കൈമാറിക്കൊണ്ടിരിക്കുന്നത്. പന്ത്രണ്ടര അടി ഉയരമുള്ള ഈ കുരിശിനെ യുവജനകുരിശ്, ജൂബിലി കുരിശ്, തീര്‍ത്ഥാടക കുരിശ് എന്നെല്ലാം വിശേഷിപ്പിക്കാറുണ്ട്. ആഗോള യുവജനദിനത്തിന്റെ ആതിഥേയത്വം വഹിച്ച നഗരത്തിലെ യുവജനപ്രതിനിധികള്‍ ഓശാന ഞായറാഴ്ചയാണ് അടുത്ത തവണത്തെ ആതിഥേയര്‍ക്ക് ഈ കുരിശു കൈമാറുക പതിവുള്ളത്. കോവിഡ് മൂലമാണ് ഈ പ്രാവശ്യം ഈ ചടങ്ങു വൈകിയത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org