
ഉക്രെയിനില്‍ സമാധാനം സ്ഥാപിക്കുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തുന്ന തീവ്രശ്രമങ്ങളുടെ ഭാഗമായി കാര്‍ഡിനല്‍ മത്തെയോ സുപ്പി ചൈനയിലെത്തി. മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയായ കാര്‍ഡിനല്‍ സുപ്പി, ചൈനീസ് തലസ്ഥാനമായ ബീജിംഗില്‍ ചൈനീസ് പ്രധാനമന്ത്രിയുമായി സംഭാഷണം നടത്തും. കാര്‍ഡിനല്‍ സുപ്പി നേരത്തെ ഉക്രെനിയന്‍ തലസ്ഥാനമായ കീവിലും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലും അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടണിലും ഇതേ ആവശ്യം മുന്‍നിറുത്തി സന്ദര്‍ശനങ്ങള്‍ നടത്തിയിരുന്നു. തന്റെ ഇടപെടലിനെ മാധ്യസ്ഥം എന്നു വിളിക്കേണ്ടതില്ലെന്നും സമാധാനദൗത്യമാണു തന്റേതെന്നും കാര്‍ഡിനല്‍ സുപ്പി നേരത്തെ പറഞ്ഞിട്ടുണ്ട്.
മൊസാംബിക്, സുഡാന്‍, കോംഗോ, ബറുണ്ടി തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലെ യുദ്ധങ്ങളും ആഭ്യന്തരസംഘര്‍ഷങ്ങളും ഒത്തുതീര്‍പ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ളയാളാണ് കാര്‍ഡിനല്‍ സുപ്പി. ഇറ്റലിയിലെ ബൊളാഞ്ഞോ അതിരൂപതാദ്ധ്യക്ഷനായ അദ്ദേഹം ഇറ്റാലിയന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ പ്രസിഡന്റുമാണ്.