ക്രൈസ്തവര്‍ക്കും മാര്‍ക്‌സിസ്റ്റുകള്‍ക്കും ഇടയില്‍  സഹകരണം ആവശ്യമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

ക്രൈസ്തവര്‍ക്കും മാര്‍ക്‌സിസ്റ്റുകള്‍ക്കും ഇടയില്‍ സഹകരണം ആവശ്യമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

Published on

കൂടുതല്‍ വിപുലമായ സംഭാഷണങ്ങളിലേക്കുള്ള മാര്‍ഗം തുറക്കുന്നതിന് ആവശ്യമായ സഹകരണം ക്രൈസ്തവര്‍ക്കും മാര്‍ക്‌സിസ്റ്റുകള്‍ക്കും ഇടയില്‍ ഉണ്ടാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. പൊതുനന്മ തേടുന്നതിന് ഈ സംഭാഷണം സഹായകരമാകുമെന്നു പാപ്പ പറഞ്ഞു. കത്തോലിക്കാ പ്രബോധനവും മാര്‍ക്‌സിസ്റ്റ് സിദ്ധാന്തങ്ങളും തമ്മിലുള്ള സംവാദത്തിനായി യത്‌നിക്കുന്ന യൂറോപ്പിലെ ഇടത് രാഷ്ട്രീയക്കാരുടെ ഒരു സംഘടനയുടെ പ്രതിനിധികളോട് ഒരു സ്വകാര്യ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. സംഭാഷണം എല്ലായ്‌പ്പോഴും ആവശ്യമാണ്. അതിനെ ഭയപ്പെടരുത്. രാഷ്ട്രീയം മനുഷ്യരാശിയെ സഹായിക്കുന്നു. സാമ്പത്തിക, മൂലധന ശക്തികള്‍ മാത്രം അതിനെ നയിക്കുന്നത് സ്വീകാര്യമല്ല. സമൂഹത്തെ വിഭജിക്കുന്ന കര്‍ക്കശ സമീപനങ്ങള്‍ക്ക് പകരം തുറന്ന ഹൃദയത്തോടെയും സംവാദങ്ങളിലൂടെയും ശ്രവണത്തിലൂടെയും സ്വയം വളരുകയാണ് നാം ചെയ്യേണ്ടത്. ഒരു മെച്ചപ്പെട്ട ലോകത്തെക്കുറിച്ചുള്ള സ്വപ്‌നം ഒരിക്കലും ഉപേക്ഷിക്കരുത്. ഈ ഭാവനയാണ്, സ്വപ്‌നം കാണാനുള്ള കഴിവാണ്, ചരിത്രപരമായ ഓര്‍മ്മകളും അനുഭവങ്ങളും ആണ് കൂടുതല്‍ സര്‍ഗാത്മകരാകാനും സാധ്യതകള്‍ തേടാനും നമ്മെ പ്രാപ്തരാക്കുന്നത് - മാര്‍പാപ്പ വിശദീകരിച്ചു.

2014 ഫ്രാന്‍സിസ് മാര്‍പാപ്പയും മുന്‍ ഗ്രീക്ക് പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസും മറ്റു നേതാക്കളും തമ്മില്‍ നടത്തിയ ഒരു സംഭാഷണത്തെ തുടര്‍ന്നാണ് സഭ - മാര്‍ക്‌സിസ്റ്റ് സംവാദം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഈ സംഘടന രൂപീകൃതമായത്.

logo
Sathyadeepam Online
www.sathyadeepam.org