പുതിയ ചാക്രിക ലേഖനത്തിലെ ഓരോ വാക്കിനോടും യോജിക്കുന്നു : മുഹമ്മദ് അബ്‌ദെല്‍ സലാം

പുതിയ ചാക്രിക ലേഖനത്തിലെ ഓരോ വാക്കിനോടും യോജിക്കുന്നു : മുഹമ്മദ് അബ്‌ദെല്‍ സലാം
Published on

"എല്ലാവരും സഹോദരങ്ങള്‍" എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ ചാക്രികലേഖനത്തിലെ ഓരോ വാക്കിനോടും പൂര്‍ണമായി യോജിക്കുന്നുവെന്ന് 'മാനവ സാഹോദര്യസമിതി'യുടെ സെക്രട്ടറി ജനറല്‍ മുഹമ്മദ് അബ്‌ദെല്‍ സലാം പ്രസ്താവിച്ചു. ചാക്രിക ലേഖനം വലിയ പ്രചോദന സ്രോതസ്സാണ്. 'എല്ലാവരും സഹോദരങ്ങള്‍' എന്നത് എല്ലാവര്‍ക്കും ഒരു യാഥാര്‍ത്ഥ്യമാക്കി മാറ്റാന്‍ വിശ്വസ്തതയോടെ ജോലി ചെയ്യുന്നതു തുടരുമെന്നു ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു – അബ്‌ദെല്‍ സലാം പറഞ്ഞു. സുന്നി മുസ്ലീങ്ങളുടെ പരമോന്നത ആത്മീയ ആചാര്യസ്ഥാനം കല്‍പിക്കപ്പെടുന്ന ഈജിപ്തിലെ അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാമിന്റെ മുന്‍ ഉപദേശകനാണ് ഇദ്ദേഹം.
ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍ അസ്ഹര്‍ ഇമാമായ ഷെയ്ഖ് അഹ്മെദ് എല്‍ തയ്യിബും തമ്മില്‍ 2019 ഫെബ്രുവരിയില്‍ അബുദാബിയില്‍ വച്ചു മാനവസാഹോദര്യത്തെ കുറിച്ചുള്ള സംയുക്ത പ്രഖ്യാപനം ഒപ്പു വച്ചതിനെ തുടര്‍ന്നു നിലവില്‍ വന്നതാണ് മാനവ സാഹോദര്യസമിതി. പുതിയ ചാക്രികലേഖനത്തിലെ ആശയങ്ങള്‍ പ്രായോഗികമാക്കുന്നതിനു സമിതി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അബ്‌ദെല്‍ സലാം അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന 100 യുവാക്കള്‍ക്കു വത്തിക്കാനിലും അബുദാബിയിലും ഈജിപ്തിലുമായി നടത്തുന്ന ഒരു പഠന പരിപാടിയാണ് ഇതിലൊന്ന്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org