കോംഗോയിലെ നോബല്‍ ജേതാവ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു

കോംഗോയിലെ നോബല്‍ ജേതാവ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു

കോംഗോയില്‍ നിന്നു നോബല്‍ സമ്മാനം നേടിയ വൈദ്യശാസ്ത്രവിദഗ്ധനായ ഡോക്ടര്‍ ഡെനിസ് മുക്വെഗേ റോമിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. അടുത്ത മാസം മാര്‍പാപ്പ കോംഗോയിലേയ്ക്കു പോകാനിരിക്കുകയുമാണ്. കോംഗോയില്‍ നടക്കുന്ന കാര്യങ്ങളിലേയ്ക്ക് വെളിച്ചം വീശുവാന്‍ പാപ്പായുടെ സന്ദര്‍ശനം സഹായിക്കുമെന്ന പ്രതീക്ഷ ഡോ. മുക്വെഗെ പങ്കുവച്ചു. റുവാണ്ടയില്‍ ടുട്‌സികളുടെ വംശഹത്യ അനുവദിച്ച അതേ അബദ്ധമാണ് കോംഗോയില്‍ അന്താരാഷ്ട്രസമൂഹം ഇപ്പോള്‍ ചെയ്യുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോള്‍ റുവാണ്ടയുടെ പിന്തുണയുള്ള ഒളിപ്പോരാളികള്‍ കോംഗോളീസ് ജനങ്ങളെ കൂട്ടക്കൊല ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത് മാനവവംശത്തിനെതിരായ കുറ്റകൃത്യങ്ങളാണ്. വംശഹത്യ എന്നു തന്നെ വിളിക്കാവുന്ന യുദ്ധക്കുറ്റങ്ങളാണ് കോംഗോയില്‍ അരങ്ങേറുന്നത്. 1994 നു ശേഷം അന്താരാഷ്ട്രസമൂഹം ഇതിനു നേരെ കണ്ണടച്ചു പിടിച്ചിരിക്കുകയാണ്. - അദ്ദേഹം വിശദീകരിച്ചു.

എം23 എന്ന സായുധ സംഘം രണ്ടാഴ്ച മുമ്പ് കോംഗോയില്‍ 131 പേരെ വധിച്ചു. കൂട്ടക്കൊലകള്‍ക്കു പുറമെ ബലാത്സംഗങ്ങളും തട്ടിക്കൊണ്ടുപോകലുകളും കൊള്ളയും അരങ്ങേറി. സംഘര്‍ഷങ്ങള്‍ മൂലം 60 ലക്ഷം പേര്‍ ഇതിനകം ഭവനരഹിതരായതായി ഡോ.മുക്വെബെ പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുമായി ബന്ധമുള്ള മറ്റൊരു സായുധസംഘടന ഒരു കത്തോലിക്കാ ആശുപത്രി ആക്രമിച്ച് ആറു രോഗികളെ വധിച്ചത് കഴിഞ്ഞ ഒക്‌ടോബറിലാണ്.

സായുധസംഘടനകളുടെ ഭീഷണികള്‍ക്കിടയിലും 2008 ല്‍ ഡോ.മുക്വെബെ താന്‍ ജനിച്ചു വളര്‍ന്ന പട്ടണത്തില്‍ ഒരു ആശുപത്രി സ്ഥാപിച്ചിരുന്നു. ബലാത്സംഗങ്ങള്‍ക്കും ലൈംഗികാക്രമണങ്ങള്‍ക്കും ഇരകളായ ആയിരകണക്കിനു സ്ത്രീകളെ അവിടെ ചികിത്സിച്ചു. ബലാത്സംഗങ്ങള്‍ക്കു വിധേയരാകുന്ന സ്ത്രീകളുടെ ആന്തരികാവയവങ്ങളുടെ ചികിത്സയില്‍ പ്രത്യേക വൈദഗ്ധ്യം നേടിയ ഗൈനക്കോളജിസ്റ്റാണ് 2018 ല്‍ നാദിയ മുറാദിനൊപ്പം നോബല്‍ സമ്മാനം നേടിയ ഡോ.മുക്വെബെ. ഐസിസ് ആക്രമണത്തിനിരയായിട്ടുള്ള നാദിയ മുറാദും മാര്‍പാപ്പയെ സന്ദര്‍ശിച്ചിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org