പുതുവര്‍ഷത്തില്‍ നമ്മെ ദൈവമാതാവിനു ഭരമേല്‍പിക്കുക

പുതുവര്‍ഷത്തില്‍ നമ്മെ ദൈവമാതാവിനു ഭരമേല്‍പിക്കുക

2021 ഡിസംബർ 31-ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഒരു സായാഹ്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്കിടെ ഫ്രാൻസിസ് മാർപാപ്പ പ്രഭാഷണം നടത്തുന്നു.

പുതുവര്‍ഷത്തില്‍ നമുക്കു നമ്മെ ദൈവമാതാവിന്റെ സംരക്ഷണത്തിനു ഭരമേല്‍പിക്കാം. ദൈവമാതാവ് നമ്മുടെയും അമ്മയാണ്. കര്‍ത്താവ് വിശ്വസ്തനാണെന്നും കുരിശിനെ ഉയിര്‍പ്പാക്കി മാറ്റാന്‍ കഴിയുന്നവനാണെന്നും ഉള്ള ആനന്ദപൂര്‍ണമായ തീര്‍ച്ചയോടെ പരീക്ഷണങ്ങളെ ഭയപ്പെടാതെ കര്‍മ്മങ്ങളില്‍ മുഴുകാന്‍ അമ്മ നമ്മെ സഹായിക്കട്ടെ. മറിയത്തിന്റെ വ്യാകുലത പക്വമായ വിശ്വാസത്തിന്റെ പ്രകാശനമാണ്, തുടക്കക്കാരുടെ വിശ്വാസത്തിന്റേതല്ല. അതു നവജാതമായ വിശ്വാസമല്ല, മറിച്ചു ജന്മം നല്‍കുന്ന വിശ്വാസമാണ്. ആത്മീയ ഫലദായകത്വം ജന്മമെടുക്കുന്നത് പരീക്ഷണങ്ങളിലും പരീക്ഷകളിലും നിന്നാണ്. നസ്രത്തിലെ ശാന്തയും മാലാഖയില്‍ നിന്നു സ്വീകരിച്ച വിജയത്തിന്റെ വാഗ്ദാനങ്ങളും കടന്ന് മറിയം എത്തിച്ചേര്‍ന്നതു ബെത്‌ലെഹമിലെ കാലിത്തൊഴുത്തിന്റെ ഇരുട്ടിലാണ്. പക്ഷേ, അവിടെയാണു അവള്‍ ദൈവത്തെ ലോകത്തിനായി നല്‍കിയത്.

പുല്‍ത്തൊട്ടിയെന്ന ഉതപ്പിനെ മറിയം നേരിട്ടതെങ്ങനെയെന്നു ധ്യാനിക്കുക. രാജാവിന്റെ സിംഹാസനത്തെ പുല്‍ത്തൊട്ടിയുടെ എളിമയോടു ചേര്‍ത്തുവയ്ക്കാന്‍ മറിയത്തിനെങ്ങനെ സാധിച്ചു? അത്യുന്നതന്റെ മഹത്വവും തൊഴുത്തിന്റെ ദാരിദ്ര്യവും എങ്ങനെ മനസ്സിലാക്കി? ദൈവമാതാവിന്റെ നിരാശയെ കുറിച്ചു ചിന്തിക്കുക. സ്വന്തം കുഞ്ഞ് ദാരിദ്ര്യമനുഭവിക്കുന്നതു കാണുന്നതിനേക്കാള്‍ ഒരമ്മയ്ക്കു വേദനാജനകമായി എന്തുണ്ട്?

അപ്രതീക്ഷിതമായ ഈ പ്രശ്‌നങ്ങളെ കുറിച്ചു മറിയം പരാതിപ്പെട്ടാലും നാമവളെ കുറ്റപ്പെടുത്തുകയില്ല. പക്ഷേ മറിയം നിരാശയാകുന്നില്ല. പരാതിപ്പെടുന്നില്ല. പകരം, മൗനം പാലിക്കുന്നു. സുവിശേഷം പറയുന്നതുപോലെ എല്ലാം അവള്‍ തന്റെ ഹൃദയത്തില്‍ സംഗ്രഹിച്ചു. അപ്രതീക്ഷിതമായ പ്രശ്‌നങ്ങളെ നേരിടേണ്ടി വരുമ്പോള്‍ മറിയത്തിന്റെ സമീപനം സ്വീകരിക്കുക. ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഇടുങ്ങിയ പാതയാണ് അവള്‍ കാണിച്ചു തരുന്നത്, കുരിശാണത്. കുരിശില്ലാതെ ഉത്ഥാനമില്ല.

(ദൈവമാതാവിന്റെ തിരുനാളായ പുതുവര്‍ഷദിനത്തില്‍, 2022 ലെ ആദ്യത്തെ ദിവ്യബലിയ്ക്കിടെ നടത്തിയ സുവിശേഷപ്രസംഗത്തില്‍ നിന്ന്.)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org