മാര്‍പാപ്പ ആഫ്രിക്കന്‍ റീത്തില്‍ ദിവ്യബലിയര്‍പ്പിച്ചു

മാര്‍പാപ്പ ആഫ്രിക്കന്‍ റീത്തില്‍ ദിവ്യബലിയര്‍പ്പിച്ചു

ആഫ്രിക്കയിലോ കോംഗോയിലെ കത്തോലിക്കാസഭയുടെ സാംസ്‌കാരിക സവിശേഷതകളുള്‍ക്കൊള്ളുന്ന സയറിയന്‍ റീത്തില്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദിവ്യബലിയര്‍പ്പിച്ചു. ലാറ്റിന്‍ റീത്തിന്റെ തന്നെ ഒരു വകഭേദമാണ് സയറിയന്‍ അഥവാ കോംഗോളീസ് റീത്ത്. പാട്ടും നൃത്തവും കൈയ്യടികളുമെല്ലാം നിറഞ്ഞതാണ് ഈ ബലിയര്‍പ്പണരീതി. മധ്യ ആഫ്രിക്കയിലെ കോടിക്കണക്കിനു ജനങ്ങള്‍ സംസാരിക്കന്ന ലിംഗാലാ ഭാഷയില്‍ സമാധാനമാശംസിച്ചുകൊണ്ടാണ് പാപ്പ ബലിയര്‍പ്പണം ആരംഭിച്ചത്. മുന്‍നിശ്ചയപ്രകാരം മാര്‍പാപ്പ ആഫ്രിക്ക സന്ദര്‍ശിക്കേണ്ട ദിവസങ്ങളിലായിരുന്നു ഇത്. കാല്‍മുട്ടു വേദന മൂലം ആഫ്രിക്കന്‍ പര്യടനം റദ്ദാക്കേണ്ടിവന്നതില്‍ പാപ്പാ ദുഃഖിതനായിരുന്നു. ഇതേ കാരണത്താല്‍ ഏറെ സമയവും ഇരുന്നുകൊണ്ടാണ് പാപ്പാ ഈ ബലിയും അര്‍പ്പിച്ചത്.

കോംഗോയിലെ സമാധാനത്തിനായി പാപ്പ പ്രാര്‍ത്ഥിച്ചു. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി അക്രമപരമ്പരകള്‍ കോംഗോയില്‍ അരങ്ങേറിയിരുന്നു. 16,000 വരുന്ന യു എന്‍ സമാധാനപാലനസേന ഉണ്ടെങ്കിലും സംഘര്‍ഷങ്ങള്‍ അരങ്ങേറുന്നുണ്ട്. രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണമെന്ന് എല്ലാ വിഭാഗങ്ങളോടും കത്തോലിക്കാസഭ നിരന്തരമായി ആവശ്യപ്പെട്ടു വരുന്നുണ്ട്. ക്രൈസ്തവര്‍ എപ്പോഴും സമാധാനസ്ഥാപകരാകാനാണ് ക്രിസ്തു ആഗ്രഹിക്കുന്നതെന്നു പാപ്പാ ദിവ്യബലിയ്ക്കിടെ വ്യക്തമാക്കി.

കോംഗോയിലെ കത്തോലിക്കാ രൂപതകള്‍ക്കായി പ്രത്യേക റീത്ത് 1988 ലാണ് സഭ ഔദ്യോഗികമായി അംഗീകരിച്ചു നല്‍കിയത്. അന്നു രാജ്യത്തിന്റെ പേര് സയര്‍ റിപ്പബ്ലിക്ക് എന്നായിരുന്നതിനാല്‍ റീത്തിന്റെ പേര് സയറിയന്‍ റീത്ത് എന്നാകുകയായിരുന്നു. രാജ്യത്തിന്റെ പേര് പിന്നീട് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നു മാറ്റി. കോംഗോയിലെ പ്രത്യേക റീത്തിലുള്ള ദിവ്യബലിയര്‍പ്പണത്തിന്റെ അനുഭവം എല്ലാ സംസ്‌കാരങ്ങള്‍ക്കും ഒരു മാതൃകയാക്കാവുന്നതാണെന്നു 2020 ല്‍ ഒരു വീഡിയോ സന്ദേശത്തില്‍ പാപ്പ അഭിപ്രായപ്പെട്ടിരുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org