
വഴിയും സത്യവും ജീവനുമായ ദൈവമാകുന്നു ക്രിസ്തു എന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് ദക്ഷിണകൊറിയന്‍ ശാസ്ത്രജ്ഞനായ യംഗ്ഹൂം കിം തന്റെ സമൂഹമാധ്യമ പേജില്‍ എഴുതി. ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും അധികം ഐക്യു ഉള്ള ആളായിട്ടാണ് ഇദ്ദേഹം പരിഗണിക്കപ്പെടുന്നത്.
276 ആണ് അദ്ദേഹത്തിന്റെ ഐക്യു സ്‌കോര്‍ എന്ന് കരുതപ്പെടുന്നു. ക്രൈസ്തവ വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട് എക്‌സില്‍ അദ്ദേഹം പ്രസിദ്ധീകരിച്ച കുറിപ്പ് ഒന്നരക്കോടിയിലധികം ആളുകള്‍ ഇതിനകം കണ്ടുകഴിഞ്ഞു. രണ്ടര ലക്ഷത്തിലധികം ലൈക്‌സും കിട്ടി.
ഈ കുറിപ്പിനു കിട്ടിയ വന്‍ പ്രചാരത്തെ തുടര്‍ന്ന് അതിനെ അംഗീകരിച്ചുകൊണ്ട് മറ്റു കുറിപ്പുകളും കമന്റുകളും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. അനേകം ആത്മാക്കളെ ദൈവത്തിലേക്ക് നയിക്കാന്‍ ഈ അവസരം ഉപയോഗപ്പെടുമെന്ന് കിം പിന്നീട് എഴുതി.
ക്രിസ്തുവാണ് തന്റെ യുക്തിയെന്നു മറ്റൊരു പ്രതികരണത്തില്‍ അദ്ദേഹം വ്യക്തമാക്കി. ദൈവം ഉണ്ട് എന്ന കാര്യത്തില്‍ 100% ഉറപ്പുണ്ടെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ കിം എഴുതിയിരുന്നു. നമ്മുടെ ബോധം കേവലം തലച്ചോറിന്റെ മാത്രം പ്രവര്‍ത്തി അല്ലെന്നും മരണത്തിനുശേഷം എന്തോ തുടരുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
നിര്‍മ്മിതബുദ്ധി ഉപയോഗിച്ചുകൊണ്ടു മസ്തിഷ്‌കാരോഗ്യ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ന്യൂറോസ്റ്റോറി എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും മേധാവിയുമാണ് കിം.