

‘ആധുനിക കാലത്തെ മാനുഷിക അനുകമ്പയും സഹാനുഭൂതിയും’ എന്ന പ്രമേയം മുന്‍നിര്‍ത്തി, വത്തിക്കാനിലെ മതാന്തരസൗഹാര്‍ദ്ദ കാര്യാലയവും റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍-ഫെയ്ത്ത് സ്റ്റഡീസും തമ്മിലുള്ള എട്ടാമത്, സംവാദ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക്, ലിയോ പതിനാലാമന്‍ പാപ്പാ കൂടിക്കാഴ്ച്ച അനുവദിച്ചു. സംവാദത്തിനായി തിരഞ്ഞെടുത്ത പ്രമേയം ഏറെ കാലോചിതമാണെന്നും, ഇത്, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വികാര ങ്ങളല്ല, മറിച്ച് ഇരു മതപാരമ്പര്യങ്ങളുടെയും അനിവാര്യമായ മനോഭാവങ്ങളും, യഥാര്‍ത്ഥ മനുഷ്യജീവിതം നയിക്കുവാനുള്ള കാഴ്ചപ്പാടുകളുമാണെന്നും പാപ്പാ പ്രസ്താവിച്ചു.
ഇസ്ലാം പാരമ്പര്യം കരുണ അഥവാ റഅഫയെ വിശ്വാസികളുടെ ഹൃദയത്തില്‍ നല്‍കപ്പെടുന്ന ദൈവിക ദാനമെന്നു കരുതുന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നു പാപ്പാ പറഞ്ഞു. ക്രൈസ്തവ പാരമ്പര്യത്തിലും, കഷ്ടപ്പാടുകളോട് നിസ്സംഗത പുലര്‍ത്താത്ത ഒരു ദൈവത്തെയാണ്, തിരുവചനം വെളിപ്പെടുത്തുന്നതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ഇതിന്റെ മൂര്‍ത്തമായ വെളിപാടാണ് യേശുക്രിസ്തുവില്‍ കാണുന്നതെന്നു പറഞ്ഞ പാപ്പാ, ഈ മാതൃക പിന്തുടര്‍ന്നുകൊണ്ട്, മറ്റുള്ളവരോട്, പ്രത്യേകിച്ചും അധഃസ്ഥിതരായ ആളുകളോട് അനുകമ്പയോടെ ഇടപെടണ മെന്നും, ‘ദരിദ്രരോടുള്ള സ്‌നേഹം’ ദൈവിക ഹൃദയത്തോട് വിശ്വസ്തതയുള്ള ഒരു സഭയുടെ സുവിശേഷ മുഖമുദ്രയാണെന്നും, കൂട്ടിച്ചേര്‍ത്തു.
അനുകമ്പയും സഹാനുഭൂതിയും ഇന്ന് സമൂഹത്തില്‍ അന്യം നിന്നു പോകുന്നുവെന്നും, സാങ്കേതിക മുന്നേറ്റങ്ങള്‍, ബന്ധങ്ങളെ അടുപ്പിച്ചുവെങ്കിലും, നിസ്സംഗതയി ലേക്ക് നമ്മെ തള്ളിവിടുന്നുവെന്നും, ഫ്രാന്‍സിസ് പാപ്പായെ ഉദ്ധരിച്ചു കൊണ്ട് പാപ്പാ പറഞ്ഞു. ഇത്, ഗുരുതരമായ ആത്മീയ വെല്ലുവിളികളിലൊന്നാണെന്നും പരിശുദ്ധ പിതാവ് ഓര്‍മ്മപ്പെടുത്തി. അതിനാല്‍, തണുത്തുറഞ്ഞ മാനവികതയെ പുനരുജ്ജീവിപ്പിക്കുക, കഷ്ടപ്പെടുന്നവര്‍ക്ക് ശബ്ദം നല്‍കുക, നിസ്സംഗതയെ ഐക്യ ദാര്‍ഢ്യമാക്കി മാറ്റുക എന്നീ ഉത്തരവാദിത്വം ക്രൈസ്തവ- ഇസ്ലാം മതങ്ങള്‍ ഒരുമിച്ച് ഏറ്റെടുക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.