

ദുഃഖവെള്ളി ദിനത്തില്‍, റോമിലെ കൊളോസിയത്തില്‍ നടന്ന കുരിശിന്റെ വഴി പ്രാർഥനയ്ക്ക്, ലിയോ പതിനാലാമന്‍ പാപ്പ നേതൃത്വം നല്‍കി. പതിനാലു സ്ഥലങ്ങളുള്‍പ്പെടുത്തി നടത്തിയ പ്രദക്ഷിണത്തില്‍, പരിശുദ്ധ പിതാവ് വിശുദ്ധ കുരിശു വഹിച്ചു.
വിശുദ്ധ നാടിന്റെ സൂക്ഷിപ്പുകാരന്‍ എന്ന നിലയില്‍ സേവനം ചെയ്ത, കപ്പൂച്ചിന്‍ വൈദികന്‍ ഫ്രാഞ്ചെസ്‌കോ പാറ്റൊണ്‍ തയ്യാറാക്കിയ ധ്യാനചിന്തകള്‍ ഉള്‍പ്പെടുത്തിയ തായിരുന്നു പ്രാര്‍ഥനകള്‍. മുപ്പതിനായിരത്തിലധികം വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.
യേശുവിന്റെ ഗൊല്‍ഗോഥയിലേക്കുള്ള യാത്രയില്‍ ഇന്നത്തെ ലോകത്തെ കാണുവാന്‍ സാധിക്കുമെന്ന് ധ്യാനത്തില്‍ ഫാ. ഫ്രാഞ്ചെസ്‌കോ അഭിപ്രായപ്പെട്ടു. വികലമായ അധികാര സങ്കല്‍പ്പത്തെയും, അധികാര ദുര്‍വിനിയോഗത്തെയും യേശുവിന്റെ സ്‌നേഹത്തിന്റെ ശക്തിയെയും താരതമ്യം ചെയ്തുകൊണ്ട്, യുദ്ധത്തില്‍ വേദന അനുഭവിക്കുന്നവരെ അദ്ദേഹം അനുസ്മരിച്ചു.
കൗറീന്‍കാരനായ ശിമയോന്‍ യേശുവിനെ സഹായിക്കുന്നത് ചൂണ്ടിക്കാണിച്ചുകൊണ്ട്, അപരനെ പരിചരിക്കുവാന്‍ വേണ്ടി യുദ്ധമുഖങ്ങളില്‍, ജീവന്‍ പണയപ്പെടുത്തുന്ന നിരവധി സന്നദ്ധപ്രവര്‍ത്തകരുടെയും, മാനുഷിക പ്രവര്‍ത്തകരുടെയും, മാധ്യമപ്രവര്‍ത്തകരുടെയും ജീവിതത്തെ കുരിശിന്റെ വഴിയില്‍ പരാമര്‍ശിച്ചു.