സ്വവർഗ്ഗ ആശീർവാദരേഖ ജർമൻ മെത്രാന്മാർക്കുള്ള വ്യക്തമായ മറുപടി : വത്തിക്കാൻ

സ്വവർഗ്ഗ ആശീർവാദരേഖ ജർമൻ മെത്രാന്മാർക്കുള്ള വ്യക്തമായ മറുപടി : വത്തിക്കാൻ

സ്വവർഗ്ഗ പങ്കാളികളുമായി ജീവിക്കുന്നവർക്ക് അനൗപചാരികമായ ആശീർവാദം നൽകുന്നത് സംബന്ധിച്ച് വത്തിക്കാൻ വിശ്വാസകാര്യാലയം പുറത്തിറക്കിയിരിക്കുന്ന രേഖ ജർമ്മൻ മെത്രാൻമാർക്കുള്ള വ്യക്തമായ മറുപടിയാണെന്ന് കാര്യാലയത്തിന്റെ അധ്യക്ഷൻ കാർഡിനൽ വിക്ടർ മാനുവൽ ഫെർണാണ്ടസ് പ്രസ്താവിച്ചു. സ്വവർഗ്ഗ പങ്കാളികൾക്കുള്ള ആശീർവാദം ആരാധനാക്രമപരമായി ഔപചാരികമാക്കുന്നതിനുള്ള പദ്ധതികൾ ചില ജർമൻ മെത്രാന്മാർ മുന്നോട്ടു വച്ചിരുന്നു. മെത്രാന്മാരും അൽമായരും ഉൾപ്പെടുന്ന സിനഡൽ വേ എന്ന ജർമ്മൻ കത്തോലിക്ക പ്രസ്ഥാനം ഇതിനുള്ള പ്രചാരണങ്ങളും പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. അത് പാടില്ലെന്ന് വ്യക്തമാക്കുകയാണ് വത്തിക്കാൻ വിശ്വാസകാര്യാലയം. ക്രമരഹിതമായ ബന്ധങ്ങളിൽ കഴിയുന്നവർ ആണെങ്കിലും സ്വവർഗ്ഗ ജോഡികൾ ആശീർവാദം ആവശ്യപ്പെട്ടാൽ സ്വാഭാവികമായി അത് നൽകുന്നതിന് തടസ്സം ഇല്ലെന്നതാണ് വത്തിക്കാൻ നിലപാട്. എന്നാൽ വിവാഹത്തെ സംബന്ധിച്ചുള്ള സഭയുടെ ശാശ്വത പ്രബോധനങ്ങളെ മാറ്റുന്ന വിധത്തിൽ ആയിരിക്കരുത് അത്. അവരുടെ ജീവിതാവസ്ഥയെ വിവാഹം എന്ന നിലയിൽ സാധൂകരിക്കാവുന്ന യാതൊന്നും സഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല.

ലോകത്തിൻറെ ചില ഭാഗങ്ങളിൽ ലൈംഗിക ചൂഷണം മൂലം ഉണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ സാർവത്രിക സഭയുടെ പ്രബോധനത്തിന് വിരുദ്ധമായ തീരുമാനങ്ങൾ എടുക്കുന്നത് ന്യായീകരിക്കാൻ ആവില്ലെന്ന് കാർഡിനൽ പ്രസ്താവിച്ചു. സ്വവർഗ്ഗ പങ്കാളികൾക്ക് ആശീർവാദം നൽകാമെന്ന വത്തിക്കാൻ രേഖ ആഫ്രിക്കയിലും പൂർവ്വ യൂറോപ്പിലും ഏഷ്യയിലും ഉണ്ടാക്കിയ ആശയക്കുഴപ്പങ്ങൾക്ക് നേർവിരുദ്ധമാണ് ജർമ്മനിയിൽ അതുണ്ടാക്കിയിരിക്കുന്ന പ്രതികരണം. സ്വാഭാവിക - അനൗപചാരിക ആശീർവാദം മതിയാകില്ലെന്ന നിലപാടിലാണ് പാശ്ചാത്യ നാടുകളിലെ ചില സഭാസംഘടനകൾ. ലൈംഗികതയെയും വിവാഹത്തെയും വനിതാ പൗരോഹിത്യത്തെയും സംബന്ധിക്കുന്ന സഭാ പ്രബോധനങ്ങളിൽ ചർച്ച സാധ്യമല്ലെന്ന് വിശ്വാസകാര്യാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org