
ഡിസംബര്‍ 1, 2, 3 തീയതികളില്‍ താന്‍ യു എ ഇ യിലെ ദുബായിയില്‍ ഉണ്ടായിരിക്കുമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു. കാലാവസ്ഥാവ്യതിയാനത്തെ സംബന്ധിച്ചു നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുകയാണു യാത്രയുടെ ലക്ഷ്യം. ഒരു ഇറ്റാലിയന്‍ ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മാര്‍പാപ്പ നേരിട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യാത്രയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന പത്രക്കുറിപ്പ് വത്തിക്കാന്‍ ഔദ്യോഗികമായി പുറപ്പെടുവിച്ചിട്ടില്ല. യു എ ഇ ഉച്ചകോടിയുടെ അധ്യക്ഷനായ സുല്‍ത്താന്‍ അല്‍ ജാബിര്‍ ഒക്‌ടോബറില്‍ വത്തിക്കാനിലെത്തി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ഓരോ വര്‍ഷവും വിവിധ രാജ്യങ്ങളിലായി നടത്തി വരുന്ന ഈ ഉച്ചകോടി കാലാവസ്ഥ്യാവ്യതിയാനത്തെ ചെറുക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ക്യോട്ടോ പ്രോട്ടോക്കോള്‍ അഥവാ പാരീസ് ഉടമ്പടിയില്‍ ഒപ്പു വച്ചിട്ടുള്ള രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുക.
യു എ ഇ യിലേക്കുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ രണ്ടാമത്തെ സന്ദര്‍ശനമാകുമിത്. 2019 ഫെബ്രുവരിയില്‍ 'മാനവസാഹോദര്യരേഖയില്‍' ഒപ്പു വയ്ക്കുന്നതിനായി മാര്‍പാപ്പ യു എ ഇ യുടെ തലസ്ഥാനമായ അബുദാബി സന്ദര്‍ശിച്ചിരുന്നു. അറേബ്യ സന്ദര്‍ശിക്കുന്ന ആദ്യത്തെ പാപ്പയാണ് അദ്ദേഹം.