കാലാവസ്ഥാവ്യതിയാനം: രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹകരണം അത്യാവശ്യം ഫ്രാന്‍സിസ് മാര്‍പാപ്പ

കാലാവസ്ഥാവ്യതിയാനം: രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹകരണം അത്യാവശ്യം  ഫ്രാന്‍സിസ് മാര്‍പാപ്പ

രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം പരിസ്ഥിതി സംരക്ഷണത്തിന് അത്യാവശ്യമാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച ചരിത്രപ്രധാനമായ പാരീസ് ഉടമ്പടി അംഗീകരിക്കപ്പെടുന്നതിന് ഉയര്‍ന്ന നിലയിലുള്ള അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്നും മാര്‍പാപ്പ പറഞ്ഞു. പാരീസ് ഉടമ്പടിയെ 'ലൗദാത്തോ സി' എന്ന ചാക്രികലേഖനത്തിലും മറ്റു നിരവധി പ്രസംഗങ്ങളിലും ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചിട്ടുള്ളതാണ്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഉടമ്പടിക്കെതിരാണ്.

മനുഷ്യവംശം അഭിമുഖീകരിക്കുന്ന ഏറ്റവും ഉത്കണ്ഠാകുലമായ ഒരു പ്രതിഭാസമാണ് കാലാവസ്ഥാവ്യതിയാനമെന്നും അതിനെ നേരിടുന്നതിനുള്ള സംയുക്ത തന്ത്രം രൂപീകരിക്കുന്നതിന് അഭിപ്രായൈക്യത്തില്‍ ലോകം എത്തിച്ചേരേണ്ടതുണ്ടെന്നും മാര്‍പാപ്പ വ്യക്തമാക്കി. പാരിസ് ഉടമ്പടി എത്ര വേഗത്തില്‍ അംഗീകരിക്കപ്പെടുമെന്നത് ഈ അഭിപ്രായൈക്യത്തിലെത്താനുള്ള ഇച്ഛാശക്തിയെ പ്രകടമാക്കും. കാര്‍ബണ്‍ പുറത്തുവിടാത്ത ഒരു സാമ്പത്തികവികസനമാതൃകയിലേയ്ക്കുള്ള പരിവര്‍ത്തനമാണ് പാരീസ് ഉടമ്പടി സൂചിപ്പിക്കുന്നത്. ഉടമ്പടിയില്‍ ഒപ്പുവച്ച രാഷ്ട്രങ്ങള്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ നേതൃസ്ഥാനമേറ്റെടുക്കണം – മാര്‍പാപ്പ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ചര്‍ച്ച ചെയ്യുന്നതിനു സ്വിറ്റ്സര്‍ലന്‍റില്‍ ചേര്‍ന്ന യുഎന്‍ സമ്മേളനത്തിനു നല്‍കിയ സന്ദേശത്തിലാണ് മാര്‍പാപ്പ പരിസ്ഥിതിസംബന്ധമായ നിലപാടുകള്‍ ആവര്‍ത്തിച്ചു വിശദീകരിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org