
റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് അയല്‍രാജ്യമായ പോളണ്ടിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്ന ലക്ഷകണക്കിന് ഉക്രെനിയന്‍ അഭയാര്‍ത്ഥികള്‍ക്ക് പോളണ്ടിലെ കത്തോലക്കാ ദേവാലയങ്ങളും മറ്റു സ്ഥാപനങ്ങളും തുറന്നു കൊടുക്കുന്നു. ഓരോ ഇടവകയിലും ലഭ്യമായ സൗകര്യങ്ങളെയും ചെയ്യാനാകുന്ന മറ്റു സഹായങ്ങളെയും കുറിച്ച് അഭയാര്‍ത്ഥികളെ അറിയിക്കാന്‍ ഇടവക വികാരിമാരോട് പോളണ്ടിലെ കത്തോലിക്കാ മെത്രാന്‍മാര്‍ ആവശ്യപ്പെട്ടു. ധ്യാനകേന്ദ്രങ്ങളും ആശ്രമങ്ങളുമെല്ലാം അഭയാര്‍ത്ഥിസങ്കേതങ്ങളായി മാറ്റി സൗകര്യങ്ങളൊരുക്കിക്കൊണ്ടിരിക്കുകയാണ് സഭാധികാരികള്‍. പോളണ്ടിലെ കത്തോലിക്കാപള്ളികളിലെങ്ങും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നുകൊണ്ടിരിക്കുന്നു.
പോളണ്ടിലെ സര്‍ക്കാരും അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. 3.8 കോടി ജനസംഖ്യയുള്ള പോളണ്ടില്‍ ഇപ്പോള്‍ തന്നെ ഉക്രെനിയയില്‍ നിന്നുള്ള 20 ലക്ഷം പേര്‍ ജോലി ചെയ്യുന്നുണ്ട്. പത്തു ലക്ഷത്തോളം പേര്‍ കൂടി അഭയാര്‍ത്ഥികളായി എത്തിയേക്കുമെന്നാണ് സര്‍ക്കാരിന്റെ നിഗമനം.
വിഭൂതി ദിനത്തിലും അതിനു തൊട്ടു മുമ്പും ശേഷവുമുള്ള ഞായറാഴ്ചകളിലും പോളണ്ടിലെ എല്ലാ കത്തോലിക്കാ പള്ളികളിലും ഉക്രെനിയക്കാര്‍ക്കായി പ്രത്യേക സംഭാവനകള്‍ ശേഖരിക്കാനും തുക അഭയാര്‍ത്ഥിക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി കാരിത്താസിനെ ഏല്‍പിക്കാനും പോളിഷ് കത്തോലിക്കാ മെത്രാന്‍ സംഘം നിര്‍ദേശിച്ചിട്ടുണ്ട്.