നൈജീരിയായില്‍ പള്ളി ആക്രമിച്ച് അമ്പതിലേറെ കത്തോലിക്കരെ വധിച്ചു

നൈജീരിയായില്‍ പള്ളി ആക്രമിച്ച്  അമ്പതിലേറെ കത്തോലിക്കരെ വധിച്ചു

നൈജീരിയായില്‍ പന്തക്കുസ്താദിനത്തില്‍ വി.കുര്‍ബാനയില്‍ സംബന്ധിച്ചുകൊണ്ടിരിക്കുകയായിരുന്ന അമ്പതിലേറെ കത്തോലിക്കാ വിശ്വാസികളെ വെടി വച്ചു കൊന്നു. അമ്പതിലേറെ മൃതദേഹങ്ങള്‍ കണ്ടതായി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. നിരവധി കുഞ്ഞുങ്ങളും കൊല്ലപ്പെട്ടു. ഓവോയിലെ സെ. ഫ്രാന്‍സിസ് സേവ്യര്‍ കത്തോലിക്കാ പള്ളിയിലായിരുന്നു അക്രമം. വെടിവയ്പിനു പുറമെ സ്‌ഫോടനവും നടന്നതായി അധികാരികള്‍ അറിയിച്ചു.

പന്തക്കുസ്താ ദിനത്തിലുണ്ടായ അക്രമങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അതിയായി വേദനിക്കുന്നതായും ഇരകള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും വത്തിക്കാന്‍ അറിയിച്ചു.

നൈജീരിയായില്‍ ക്രൈസ്തവര്‍ക്കെതിരായ യുദ്ധസമാനമായ അക്രമങ്ങള്‍ ഇപ്പോള്‍ വര്‍ദ്ധിച്ചു വരികയാണ്. വടക്കന്‍ നൈജീരിയായില്‍ ഈ അക്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നത് ഇസ്ലാമിക തീവ്രവാദികളാണ്. ഇപ്പോഴത്തെ അക്രമം നടന്നിരിക്കുന്നത് തെക്കന്‍ നൈജീരിയായിലാണ്. ഇതു പൊതുവെ സമാധാനപൂര്‍ണമായ പ്രദേശമായിരുന്നു. ഇസ്ലാമിക തീവ്രവാദികളുടെ അക്രമം കൂടുതല്‍ പ്രദേശങ്ങളിലേയ്ക്കു വ്യാപിക്കുകയാണോ എന്ന ആശങ്കയ്ക്ക് ഇതു കാരണമായിട്ടുണ്ട്.

നൈജീരിയായില്‍ നടക്കുന്ന ക്രൈസ്തവവിരുദ്ധ അക്രമങ്ങളോടു നിസംഗത പുലര്‍ത്തുന്നതിന്റെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ അമേരിക്കയിലെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. ഉത്കണ്ഠയുണര്‍ത്തുന്ന രീതിയില്‍ മതമര്‍ദ്ദനങ്ങള്‍ അരങ്ങേറുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ നിന്ന് നൈജീരിയായെ ബൈഡന്‍ ഭരണകൂടം ഈയിടെ ഒഴിവാക്കിയിരുന്നു. അതിനുശേഷം നൈജീരിയായില്‍ ക്രിസ്ത്യന്‍ പുരോഹിതരെയും പാസ്റ്റര്‍മാരെയും കൊല്ലുകയും തട്ടിക്കൊണ്ടുപോകുകയും ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ അടിമകളാക്കുകയും മതദൂഷണകുറ്റമാരോപിച്ച് ആള്‍ക്കൂട്ടാക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ നൈജീരിയായില്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്ന് അമേരിക്കന്‍ മനുഷ്യാവകാശപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org