വിശുദ്ധനാട്ടിലെ പള്ളികള്‍ക്കു നികുതി: യു എസ് സഭാനേതാക്കള്‍ വിയോജിപ്പറിയിച്ചു

വിശുദ്ധനാട്ടിലെ പള്ളികള്‍ക്കു നികുതി: യു എസ് സഭാനേതാക്കള്‍ വിയോജിപ്പറിയിച്ചു

വിശുദ്ധ നാട്ടിലെ ക്രൈസ്തവ ദേവാലയങ്ങള്‍ക്കും സ്വത്തുവകകള്‍ക്കും നികുതി ചുമത്താനുള്ള നീക്കത്തില്‍ നിന്നു ഇസ്രായേല്‍ സര്‍ക്കാരും നഗരഭരണകൂടവും പിന്തിരിയണമെന്ന് അമേരിക്കയിലെ പ്രമുഖ ക്രൈസ്തവ നേതാക്കള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് അവര്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും ജെറുസലേം മേയര്‍ക്കും കത്തുകളയച്ചു. സഭയുടെ സ്വത്തിന് ഇപ്പോള്‍ ഇസ്രായേലില്‍ നികുതിയില്ല.

നികുതിയേര്‍പ്പെടുത്തുന്നത് വിശുദ്ധനാട്ടിലെ ക്രൈസ്തവസഭയുടെ നിലനില്‍പിനെയും പ്രവര്‍ത്തനങ്ങളെയും കുഴപ്പത്തിലാക്കുമെന്ന ആശങ്ക സഭാനേതാക്കള്‍ അറിയിച്ചു. യുഎസ് കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ഡാനിയല്‍ ഡിനാര്‍ദോയും അര്‍മീനിയന്‍ അപ്പസ്തോലിക് സഭ, ഇവാഞ്ചലിക്കല്‍ ലൂഥറന്‍ സഭ, എപ്പിസ്കോപ്പല്‍ സഭ തുടങ്ങിയ സഭകളുടെ അദ്ധ്യക്ഷന്മാരും ചേര്‍ന്നാണ് കത്തയച്ചിട്ടുള്ളത്. വിശുദ്ധനാട്ടിലെ ക്രൈസ്തവസമൂഹത്തിന്‍റെ സേവനങ്ങള്‍ ഇസ്രായേല്‍ സമൂഹത്തിനു പൊതുവില്‍ ഉപകരിക്കുന്നവയാണെന്നു സഭാനേതാക്കള്‍ ചൂണ്ടിക്കാട്ടി.

വിശുദ്ധനാട്ടിലെ സഭയുടെ പള്ളികളും വസ്തുവകകളും നോക്കി നടത്തുന്നവര്‍ക്കും യു എസ് ക്രൈസ്തവനേതാക്കള്‍ കത്തയച്ചിട്ടുണ്ട്. ഇവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് അത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org