ക്രൈസ്തവ ഐക്യവാരം

മാര്‍പാപ്പ ജനുവരി 25-ന് വിശുദ്ധ പൗലോസിന്റെ ബസിലിക്കയിലെ സായാഹ്നപ്രാര്‍ഥന നയിക്കും
ക്രൈസ്തവ ഐക്യവാരം
Published on

2026 ജനുവരി 18 മുതല്‍ 25 വരെ തീയതികളിലായി ആചരിക്കപ്പെടുന്ന ക്രൈസ്തവ ഐക്യവാരത്തിന്റെ ഭാഗമായി, ജനുവരി 25-ന് വിശുദ്ധ പൗലോസിന്റെ ബസിലിക്കയില്‍, റോമാ രൂപതയുടെ അധ്യക്ഷന്‍ കൂടിയായ ലിയോ പതിനാലാമന്‍ പാപ്പ സായാഹ്ന പ്രാര്‍ഥന നയിക്കും. ക്രൈസ്തവസഭകള്‍ തമ്മിലുള്ള ഐക്യവും സ്‌നേഹവും സഹകരണവും ലക്ഷ്യമാക്കി എല്ലാ വര്‍ഷവും ആചരിക്കപ്പെടുന്ന ഈ ആഴ്ചയുടെ പ്രധാന വിവരങ്ങള്‍, ജനുവരി 16 വെള്ളിയാഴ്ച റോം വികാരിയത്ത് പത്രക്കുറിപ്പില്‍ പ്രസിദ്ധീകരിച്ചു.

വിശുദ്ധ പൗലോസിന്റെ മാനസാന്തരത്തിരുനാള്‍ ആഘോഷിക്കപ്പെടുന്ന ജനുവരി 25-ന് വൈകുന്നേരം അഞ്ചരയ്ക്കായിരിക്കും വിശുദ്ധ പൗലോസിന്റെ ബസിലിക്കയില്‍, ക്രൈസ്തവ ഐക്യവാരത്തിന്റെ സമാപനം കുറിച്ചുകൊണ്ടുള്ള സായാഹ്നപ്രാര്‍ഥന പരിശുദ്ധ പിതാവ് നയിക്കുക. ജനുവരി 19 മുതല്‍ രണ്ടു ദേവാലയങ്ങളില്‍ ക്രൈസ്തവ ഐക്യവാരവുമായി ബന്ധപ്പെട്ട പ്രാര്‍ഥനകള്‍ നടന്നുവരുന്നുണ്ട്.

പരിശുദ്ധ സിംഹാസനത്തിലേക്കുള്ള അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിനിധി ആര്‍ച്ചുബിഷപ് ഖാജാഗ് ബര്‍സമിയാന്‍, ആംഗ്ലിക്കന്‍ ആര്‍ച്ചുബിഷപ് ആന്റണി ബാള്‍ തുടങ്ങിയ സഭാപ്രതിനിധികള്‍ റോമിലെ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.

ഈ വര്‍ഷത്തെ ക്രൈസ്തവൈക്യവാരത്തിനുവേണ്ടിയുള്ള വിചിന്തനങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്, അര്‍മേനിയയിലെ കത്തോലിക്കാ, ഇവാഞ്ചലിക്കല്‍ സഭകളുടെ കൂടി പങ്കാളിത്തത്തോടെ, അവിടുത്തെ ഓര്‍ത്തഡോക്‌സ് സഭാവിശ്വാസികളാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org