കുരിശുമരണത്തിലൂടെ ക്രിസ്തു നമ്മുടെ മരണ, വേദനകളെ ആശ്ലേഷിച്ചു - ഫ്രാന്‍സിസ് മാര്‍പാപ്പ

കുരിശുമരണത്തിലൂടെ ക്രിസ്തു നമ്മുടെ മരണ, വേദനകളെ ആശ്ലേഷിച്ചു - ഫ്രാന്‍സിസ് മാര്‍പാപ്പ

കുരിശില്‍ മരിച്ചുകൊണ്ട് ക്രിസ്തു എല്ലാ മനുഷ്യരേയും അവരുടെ മരണത്തേയും വേദനകളേയും ബലഹീനതകളേയും ആശ്ലേഷിക്കുകയാണു ചെയ്തതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ക്രിസ്തുവിന്റെ രാജത്വതിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തുകൊണ്ട് വടക്കന്‍ ഇറ്റലിയിലെ അസ്റ്റി കത്തീഡ്രലില്‍ പ്രസംഗിക്കുകയായിരുന്നു മാര്‍പാപ്പ. പാപ്പായുടെ പിതാവിന്റെ ജന്മനാടാണ് ഇത്. വടക്കന്‍ ഇറ്റലിയില്‍ നിന്നാണ് പാപ്പായുടെ പിതാവിന്റെയും മാതാവിന്റെയും കുടുംബങ്ങള്‍ അര്‍ജന്റീനയിലേയ്ക്കു കുടിയേറിയത്. സ്വന്തം കുടുംബത്തിന്റെ വേരുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തു വന്നുനിന്നുകൊണ്ട് സ്വന്തം വിശ്വാസത്തിന്റെ വേരുകളെ കുറിച്ചു വിചിന്തനം ചെയ്യുകയാണെന്നു പറഞ്ഞുകൊണ്ടാണു പാപ്പാ പ്രസംഗമാരംഭിച്ചത്.

പ്രപഞ്ചത്തിന്റെ രാജാവായ ക്രിസ്തു സ്വന്തം ജീവിതത്തിന്റെയും രാജാവാണോ എന്നു സ്വയം ചോദിക്കുവാന്‍ പാപ്പാ വിശ്വാസികളെ ആഹ്വാനം ചെയ്തു. ഞാന്‍ അവനില്‍ വിശ്വസിക്കുന്നുണ്ടോ? എന്റെ ജീവിതത്തിന്റെ കര്‍ത്താവാകുന്നില്ലെങ്കില്‍, അവനെ സകല സൃഷ്ടികളുടെയും കര്‍ത്താവായി എനിക്ക് എങ്ങനെ ആഘോഷിക്കാന്‍ കഴിയും? ഇന്ന് നമ്മുടെ രാജാവായ യേശു, കുരിശില്‍ നിന്നാണു നമ്മെ നോക്കുന്നത്. നാം ഇവിടെ വെറും കാഴ്ചക്കാര്‍ മാത്രമാണോ, പങ്കു ചേരുന്നവരാണോ എന്നു തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണ്. വര്‍ത്തമാനകാലത്തിന്റെ വെല്ലുവിളികള്‍ നാം കാണുന്നുണ്ട്. വിശ്വാസം ക്ഷയിക്കുന്നു, പങ്കാളിത്തം കുറയുന്നു. നാം എന്താണു ചെയ്യുന്നത്? സിദ്ധാന്തവത്കരിച്ചും വിമര്‍ശിച്ചും തൃപ്തിപ്പെടുകയാണോ നാം? അതോ കുപ്പായക്കൈകള്‍ തെറുത്തു കയറ്റി, ജീവന്‍ കൈയിലെടുത്ത് ഒഴികഴിവുകള്‍ ഉപേക്ഷിച്ച്, പ്രാര്‍ത്ഥനയിലേയ്ക്കും പ്രവര്‍ത്തനത്തിലേയ്ക്കും ഇറങ്ങിച്ചെല്ലുന്നുണ്ടോ? സഭയിലും ലോകത്തിലും നിരവധി കുഴപ്പങ്ങളുണ്ട് എന്നു നമുക്കറിയാം. എന്നാല്‍ നാം എന്തെങ്കിലും ചെയ്യുന്നുണ്ടോ? കുരിശില്‍ തറയ്ക്കപ്പെട്ട ക്രിസ്തുവിനെ പോലെ സ്വന്തം കൈകളില്‍ മണ്ണാക്കുവാന്‍ നാം തയ്യാറുണ്ടോ? അതോ കൈകള്‍ പോക്കറ്റില്‍ തിരുകി വെറു നോക്കി നില്‍ക്കുകയാണോ, കാഴ്ചക്കാരെ പോലെ? നാം പുത്രരാകേണ്ടതിനാണ് ക്രിസ്തു സ്വയം ഒരു അടിമയായത്. അധിക്ഷേപിക്കപ്പെടുമ്പോള്‍ നാം തനിച്ചായി പോകാതിരിക്കിനാണ് അവന്‍ സ്വയം അവഹേളനത്തിനു വിട്ടുകൊടുത്തത്. നമ്മുടെ ന്യായമായ അന്തസ്സ് വലിച്ചുകീറപ്പെട്ടു എന്നു തോന്നാതിരിക്കാനാണ് അവന്‍ തന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കപ്പെടാന്‍ അനുവദിച്ചത്. ചരിത്രത്തിലുടനീളം ക്രൂശിക്കപ്പെടുന്ന ഓരോ മനുഷ്യനിലും ദൈവം സന്നിഹിതനായിരിക്കാനാണ് അവന്‍ കുരിശിലേറിയത്. - മാര്‍പാപ്പ വിശദീകരിച്ചു.

തന്റെ സെക്കന്റ് കസിനായ കാര്‍ല റബെസ്സനായുടെ തൊണ്ണൂറാം പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനാണ് 85 കാരനായ പാപ്പ അസ്റ്റി നഗരത്തിലെത്തിയത്. ബന്ധുഭവനവും പള്ളിയും കൂടാതെ ഒരു നഴ്‌സിംഗ് ഹോമിലും വൃദ്ധമന്ദിരത്തിലും പാപ്പാ സന്ദര്‍ശനം നടത്തി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org