ക്രൈസ്തവൈക്യ പ്രാര്‍ത്ഥനാവാരം ആചരിച്ചു

ക്രൈസ്തവൈക്യ പ്രാര്‍ത്ഥനാവാരം ആചരിച്ചു

ജനുവരി 18 മുതല്‍ 25 വരെ ക്രൈസ്തവ പ്രാര്‍ത്ഥന വാരമായി ലോകമെങ്ങും ആചരിച്ചു. 'നിന്റെ കര്‍ത്താവായ ദൈവത്തെ സ്‌നേഹിക്കുക, നിന്നെപ്പോലെ തന്നെ നിന്റെ അയല്‍ക്കാരനെയും' എന്നതായിരുന്നു 2024 ലെ ഐക്യപ്രാര്‍ത്ഥനാവാരത്തിന്റെ പ്രമേയം. വത്തിക്കാന്‍ ക്രൈസ്തകാര്യാലയവും സഭകളുടെ ലോകകൗണ്‍സിലുമാണ് വാരാചരണത്തിന് നേതൃത്വം നല്‍കുന്നത്. 1908 ലാണ് ക്രൈസ്തവൈക്യത്തിനു വേണ്ടിയുള്ള ഒരു അന്താരാഷ്ട്ര പ്രാര്‍ത്ഥനാവാരം ആചരിക്കുന്ന പതിവ് തുടങ്ങിയത്. ആംഗ്ലിക്കന്‍ സന്യാസി ആയിരുന്ന ഫാ. പോള്‍ വാട്‌സണ്‍ ആണ് ഇതിനു തുടക്കമിട്ടത്. അദ്ദേഹം പിന്നീടു കത്തോലിക്ക വിശ്വാസം സ്വീകരിച്ചു.

പോള്‍ ആറാമന്‍ മാര്‍പാപ്പയും ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസ് അത്തനാഗോറസ് ഒന്നാമനും തമ്മില്‍ ജെറുസലേമിലെ ഒലിവുമലയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയതിന്റെ അറുപതാം വാര്‍ഷികത്തിലാണ് ഈ വര്‍ഷത്തെ ഐക്യപ്രാര്‍ത്ഥനാ വാരാചരണം വരുന്നത്. 1438 നു ശേഷം കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയാര്‍ക്കീസും മാര്‍പാപ്പയും തമ്മില്‍ ആദ്യമായി കൂടി കണ്ടത് അന്നായിരുന്നു. കത്തോലിക്ക സഭയും പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകളും തമ്മിലുള്ള ബന്ധത്തില്‍ വലിയ മാറ്റം സൃഷ്ടിച്ച ഒരു കൂടിക്കാഴ്ചയായിരുന്നു അത്. 1965 ല്‍ ഈ രണ്ടു മതാധ്യക്ഷന്മാരും വീണ്ടും റോമില്‍ വെച്ച് കാണുകയും ഒരു സംയുക്ത കത്തോലിക്ക ഓര്‍ത്തഡോക്‌സ് പ്രഖ്യാപനത്തില്‍ ഒപ്പു വയ്ക്കുകയും ചെയ്തു. 1954 ലെ മഹാശീശ്മയില്‍ ഇരുസഭകളും പരസ്പരം പുറത്താക്കിയ നടപടി റദ്ദാക്കുന്നതായിരുന്നു ആ പ്രഖ്യാപനം. പ്രാര്‍ത്ഥനാവാരത്തില്‍, വി.പൗലോസിന്റെ മാനസാന്തര തിരുനാള്‍ കൂടിയായ ജനുവരി 25 ന് റോമില്‍ നടക്കുന്ന പ്രാര്‍ത്ഥനയില്‍ മാര്‍പാപ്പയും ആംഗ്ലിക്കന്‍ സഭാതലവനായ ആര്‍ച്ചുബിഷപ് ജസ്റ്റിന്‍ വെല്‍ബിയും പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org